പ്രിസം സിമന്റ് ഇനി പ്രിസം ജോൺസൺ ലിമിറ്റഡ്

Posted on: May 23, 2018

ഹൈദരാബാദ് : പ്രിസം സിമന്റ് ലിമിറ്റഡിന്റെ പേര് ഏപ്രിൽ 18 മുതൽ പ്രിസം ജോൺസൺ ലിമിറ്റഡ് എന്നായിരിക്കുമെന്ന് കമ്പനി അറിയിച്ചു. പ്രിസം സിമന്റ് ലിമിറ്റഡ് ഒരു സിമന്റ് കമ്പനി മാത്രമാണെന്ന ധാരണ ഇല്ലാതാക്കുന്നതിനാണ് കമ്പനിയുടെ പേര് പ്രിസം ജോൺസൺ ലിമിറ്റഡ് എന്നാക്കി മാറ്റുന്നതെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വിജയ് അഗർവാൾ അറിയിച്ചു.

ഇന്ത്യയിലെ പ്രമുഖ ഏകീകൃത കെട്ടിട നിർമ്മാണ സാമഗ്രി കമ്പനികളിലൊന്നായ പ്രിസം ജോൺസൺ ലിമിറ്റഡിന്റെ പുതിയ പേര് കമ്പനിയുടെ ഉത്പന്ന ശ്രേണിയും പ്രവർത്തനങ്ങളുടെ വ്യാപ്തിയും പ്രതിഫലിപ്പിക്കുന്നതാണെന്നും അദേഹം പറഞ്ഞു.

മൂന്ന് വിഭാഗങ്ങളിലായാണ് പ്രിസം ജോൺസൺ ലിമിറ്റഡിന്റെ ബിസിനസ് പ്രവർത്തിക്കുന്നത്. വ്യത്യസ്ത ബ്രാൻഡുകളിൽ സിമന്റ് ഉത്പന്നങ്ങൾ ലഭ്യമാക്കുന്ന സിമന്റ് ഡിവിഷൻ, ലോകപ്രശസ്ത ജോൺസൺ ടൈലുകൾ, ബാത്ത് ഫിറ്റിംഗുകൾ, സാനിറ്ററി വെയറുകൾ, എൻജിനിയേഡ് മാർബിൾ, ക്വാർട്ട്‌സ് തുടങ്ങിയവ ലഭ്യമാക്കുന്ന എച്ച് & ആർ ജോൺസൺ (ഇന്ത്യ) ഡിവിഷൻ, റെഡി മിക്‌സ്ഡ് കോൺക്രീറ്റും മറ്റു കോൺക്രീറ്റ് ഉത്പന്നങ്ങളും ലഭ്യമാക്കുന്ന ആർഎംസി (ഇന്ത്യ) ഡിവിഷൻ എന്നിവയാണത്.

ടൈലുകളുടെ പശ, നിർമ്മാണപ്രവർത്തനങ്ങൾക്കുള്ള രാസപദാർഥങ്ങൾ എന്നിവ അർഡെക്‌സ് എൻഡ്യുറ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് വഴിയും സംയുക്ത സ്ഥാപനമായ ജർമൻ കമ്പനി അർഡെക്‌സ് ജിഎംബിഎച്ച് ഗ്രൂപ്പ് വഴിയും കമ്പനി ലഭ്യമാക്കുന്നുണ്ട്. പേര് മാറ്റത്തെ തുടർന്ന് പുതിയ ലോഗോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.