എഎംഐ സോണൽ മേളയിൽ കേരളത്തിന് ശ്രദ്ധേയമായ സാന്നിധ്യം

Posted on: February 16, 2018

കൊച്ചി : അപ്പാരൽ മാനുഫാക്ച്ചറേഴ്‌സ് ഓഫ് ഇന്ത്യ ഹൈദരാബാദിൽ സംഘടിപ്പിച്ച പ്രഥമ സോണൽ മേള കേരളത്തിൽ നിന്നുള്ള വസ്ത്ര വ്യാപാരികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ചതുർദിന മേളയിൽ കേരളത്തിൽ നിന്ന് 600 ലേറെ വസ്ത്ര വ്യാപാരികൾ പങ്കെടുത്തു, ദക്ഷിണേന്ത്യയിൽ നിന്ന് 3500 പേരും. മൊത്തം 75 കോടി രൂപയുടെ വിൽപനയാണ് മേളയിൽ നടന്നത്.

ഹൈദരാബാദ് ഹൈടെക്‌സ് എക്‌സിബിഷൻ സെന്ററിൽ നടന്ന പ്രദർശനം ടി പി സീതാരാമൻ (കല്യാൺ സിൽക്‌സ്), പോറ്റി വെങ്കിടേശ്വരലു, സുരേഷ് രാജമൗലി (ആർ എസ് ബ്രദേഴ്‌സ് തമിഴ്‌നാട്), എൽ രവീന്ദ്രൻ (എസ്. നല്ലപെരുമാൾ ആൻഡ് സൺസ് ) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വസ്ത്ര വ്യാപാര മേളയാണ് എഎംഐയുടേത്. മുംബൈയിൽ നിന്നുമാത്രം 135 ബ്രാൻഡുകളാണ് മേളയിൽ പ്രദർശിപ്പിച്ചത്. ഈഥോസ്, ജീവൻകി, ഇറാ, ഫൈനൽ ചോയ്‌സ്, ടോർസോ ഷർട്ട്, ദിയാ ഡിസൈൻ സ്റ്റുഡിയോ, ബിഗ് ബ്രദർ, ഹാൻസി, ഫയോൺ ട്രൂപ്‌സ്, ഫെമി ഡിസൈൻ എന്നീ ബ്രാൻഡുകൾ ഇതിൽ ഉൾപ്പെടും.

കൊച്ചിയിൽ നടന്ന ആറ് പ്രാദേശിക മേളകളിലും വസ്ത്ര വ്യാപാര മേഖലയുടെ വലിയ സാന്നിധ്യം ആണ് ലഭിച്ചതെന്ന് എഎംഐ മുഖ്യ സംഘാടകൻ നിഖിൽ ഫൂരിയ പറഞ്ഞു. കല്യാൺ സിൽക്‌സ്, പുളിമൂട്ടിൽ സിൽക്‌സ്, സ്വയംവര സിൽക്‌സ് (ആറ്റിങ്ങൽ) സീനത്ത് (കോട്ടക്കൽ) തുടങ്ങിയ മുൻനിര വസ്ത്രവ്യാപാരികൾ മേളയിൽ പങ്കെടുത്തു.