കൺജെനിറ്റൽ ഹൈപ്പോതൈറോയിഡിസം തടയാനാവുമെന്ന് വിദഗ്ധർ

Posted on: July 4, 2016

Congenital-hypothyroidism-Sകൊച്ചി : ബുദ്ധിമാന്ദ്യത്തിനു കാരണമാകാവുന്ന കൺജെനിറ്റൽ ഹൈപ്പോതൈറോയിഡിസം ചികിത്സിച്ചു ഭേദമാക്കാവുന്ന രോഗമാണ്. ലോകത്ത് പുതിയതായി ജനിക്കുന്ന 3800 കുഞ്ഞുങ്ങളിൽ ഒരാൾക്ക് ഈ രോഗം കണ്ടുവരുന്നു. എന്നാൽ ഇന്ത്യയിലിത് 2640-ൽ ഒന്നാണെന്നു മുംബൈയിൽ നടത്തിയ പഠനം പറയുന്നു.

ജനിക്കുമ്പോൾ തന്നെ കുട്ടികൾക്ക് തൈറോയ്ഡ് ഹോർമോൺ കുറവുള്ളതാണ് കൺജെനിറ്റൽ ഹൈപ്പോ തൈറോയിഡിസമെന്ന് അമൃത ആശുപത്രിയിലെ എൻഡോക്രൈനോളജി വിഭാഗത്തിലെ ഡോക്ടർ നിഷ ഭവാനി ചൂണ്ടിക്കാട്ടി.

കൺജെനിറ്റൽ ഹൈപ്പോതൈറോയിഡിസം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിൽസിച്ചാൽ ബുദ്ധിമാന്ദ്യം മറികടക്കാനാവും. എന്നാൽ ഈ പ്രശ്‌നമുള്ള കുട്ടികളെ തിരിച്ചറിയുക ഏറെ ബുദ്ധിമുട്ടാണ്. കൺജെനിറ്റൽ ഹൈപ്പോതൈറോയിഡിസം കണ്ടത്താനായി എല്ലാ കുട്ടികൾക്കും സ്‌ക്രീനിങ് നടത്തുകയെന്നതാണ് ഇവിടെയുള്ള മാർഗം. കൺജെനിറ്റൽ ഹൈപ്പോ തൈറോയിഡിസം കണ്ടെത്തിയാൽ ലീവോതൈറോക്‌സിൽ എന്ന ഒരു രൂപ മാത്രം വിലയുള്ള ഗുളിക ഉപയോഗിച്ച് ചികിൽസിച്ചു ബുദ്ധിമാന്ദ്യം എന്ന പ്രശ്‌നത്തെ മറി കടക്കാനാവുമെന്നും ഡോ. നിഷ പറഞ്ഞു.

കുട്ടികളിലെ ബുദ്ധിമാന്ദ്യവുമായി ബന്ധപ്പെട്ട കാരണങ്ങളിൽ ഏറ്റവും എളുപ്പം ചികിൽസ നൽകാവുന്നത് കൺജെനിറ്റൽ ഹൈപ്പോ തൈറോയിഡിസമെന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ എൻഡോക്രിനോളജിസ്റ്റ് കൺസൾട്ടന്റായ ഡോ. പി ജയപ്രകാശ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഗ്രാമ പ്രദേശങ്ങളിലെ മാതാപിതാക്കൾക്ക് ഇതേക്കുറിച്ചു കൂടുതൽ ബോധവത്ക്കരണം ആവശ്യമാണെന്നും ഡോ. ജയപ്രകാശ് പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധയുണ്ടെന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ കൺസൾട്ടന്റ് എൻഡോക്രിനോളജിസ്റ്റ് ഡോ. ജോ ജോർജ് അഭിപ്രായപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ നാലു വർഷത്തോളമായി എല്ലാ കുട്ടികൾക്കും കൺജെനിറ്റൽ ഹൈപ്പോ തൈറോയിഡിസം കണ്ടെത്താനായുള്ള സ്‌ക്രീനിങ് നടക്കുന്നുണ്ട്. ഇതിനിടെ അര ലക്ഷത്തോളം കുട്ടികളെ പരിശോധിച്ചതിൽ 24 ഓളം പേർക്കാണു കൺജെനിറ്റൽ തൈറോയിഡിസം കണ്ടെത്തിയത്. ഈ കുട്ടികൾ ഇപ്പോൾ സാധാരണ കുട്ടികളുടെ രീതിയിൽ ജീവിക്കുന്നതായും അദ്ദേഹം പറഞ്ഞു.