സാംസംഗ് പേ ഇനി എസ്ബിഐ ഡെബിറ്റ് കാർഡുകളിലും ലഭ്യമാകും

Posted on: August 4, 2017

കൊച്ചി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 13 കോടി ഡെബിറ്റ് കാർഡ് ഉടമകൾക്ക് സാംസംഗ് പേ ഉപയോഗിച്ച് സാംസംഗ് സ്മാർട്ട്‌ഫോണുകളിലൂടെ അനായാസം പണമിടപാടുകൾ നടത്താം. രാജ്യത്തുടനീളമുള്ള 25 ലക്ഷം പിഒഎസ് (പോയിന്റ് ഓഫ് സെയിൽസ്) കാർഡ് മെഷീനുകളിൽ സാംസംഗ് പേ, മാഗ്നെറ്റിക് സെക്യൂർ ട്രാൻസ്മിഷൻ എന്ന വിപ്ലവകരമായ സാങ്കേതിക സംവിധാനത്തിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. സാംസംഗിന്റെ വിവിധ മോഡലുകളിലുള്ള സ്മാർട്ട്‌ഫോണുകളിൽ സാംസംഗ് പേ നിലവിൽ ലഭ്യമാണ്. ഇതുവഴി ഉപഭോക്താക്കൾക്ക് കാർഡ് ഇല്ലാതെ തന്നെ ഓഫ്‌ലൈനിലും പേമെന്റുകൾ നടത്താം.

സാംസംഗ് പേ ഉപയോഗിക്കുന്ന എസ്ബിഐ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞത് 500 രൂപയുടെ ഇടപാടിന് 100 രൂപയുടെ കാഷ്ബാക്ക് ഓഫറുണ്ട്. ഓഗസ്റ്റ് ഒന്നിനും 31നും ഇടയിൽ ഉപയോഗിക്കുന്ന കാർഡ് ഉടമകൾക്ക് ഇങ്ങനെ പരമാവധി 500 രൂപവരെ കാഷ് ബാക്ക് ഓഫറുകളുണ്ട്.

ലോകത്തെ വലിയ സ്മാർട്ട്‌ഫോൺ കമ്പനിയായ സാംസംഗും ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയും ഒന്നിക്കുമ്പോൾ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള കുതിപ്പിന് കൂടുതൽ കരുത്താകുമെന്ന് സാംസംഗ് ഇന്ത്യ മൊബൈൽ ബിസിനസ് സീനിയർ വൈസ് പ്രസിഡന്റ് അസിം വാർസി പറഞ്ഞു.

ഉപഭോക്താക്കളെ ഡിജിറ്റൽ ഇടപാടുകളിലേക്ക് നയിക്കുന്നതിന് സാംസംഗുമായുള്ള സഹകരണം ഉപകരിക്കുമെന്നും എസ്ബിഐ നാഷണൽ ബാങ്കിംഗ് ഗ്രൂപ്പ് എംഡി രജനീഷ് കുമാർ പറഞ്ഞു.

TAGS: Samsung Pay |