ഭീം ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പുതിയ വെബ്‌സൈറ്റ്

Posted on: June 9, 2017

കൊച്ചി : ഭാരത് ഇന്റർഫേസ് ഫോർ മണി (ഭീം) ആപ്പിനെ കുറിച്ച് ഉപഭോക്താക്കൾക്ക് വിവരങ്ങൾ നൽകാനായി നാഷണൽ പേമെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുതിയ വെബ്‌സൈറ്റ് ആവതരിപ്പിച്ചു. www.bhimupi.org.in എന്ന സൈറ്റിലൂടെ ഭീമിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാം. ഭീമിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അന്വേഷണം പരിഗണിച്ചാണ് എൻപിസിഐ പൊതു വെബ്‌സൈറ്റ് വികസിപ്പിച്ചത്. വീഡിയോ, ഇൻഫോഗ്രാഫിക്‌സ് എന്നിവയിലൂടെ സൈറ്റിൽ വിവരങ്ങൾ അറിയാമെന്ന് എൻപിസിഐ എംഡിയും സിഇഒയുമായ എ.പി. ഹോത്ത പറഞ്ഞു.

ഭീം ആപ്പ് ഉപയോഗിച്ച് മൊബൈൽ ഫോണിലൂടെ എങ്ങനെ ഓൺലൈൻ ഇടപാടു നടത്താമെന്ന് ഉപഭോക്താക്കൾക്ക് സൈറ്റിലൂടെ മനസിലാക്കാം. വിവിധ ബാങ്കുകൾ, വ്യാപാരികൾ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമാണ്. നിലവിൽ യുപിഐ സർവീസ് ഉള്ള 50 ബാങ്കുകളിലെ ഇടപാടുകാർക്ക് സേവനം ഉപഭോഗിക്കാം. എൻപിസിഐയുടെ പിന്തുണയോടെ വികസിപ്പിച്ചിട്ടുള്ള യുപിഐ ആപ്ലിക്കേഷനാണ് ഭീം. ഒരിക്കൽ ഡൗൺലോഡ് ചെയ്താൽ ഉപഭോക്താവിന് ഇഷ്ടമനുസരിച്ച് ബാങ്ക് ഇടപാടുകൾ നടത്താം.

സോഷ്യൽ മീഡിയയിലെ സാന്നിദ്ധ്യവും എൻപിസിഐ വർധിപ്പിച്ചിട്ടുണ്ട്. ഭീമിനായുള്ള ഫോൺ നമ്പർ- 022-45414740 ലേക്കും വിളിക്കാം. @NPCI_BHIM ആണ് ട്വിറ്റർ ഹാൻഡിൽ.