മുത്തൂറ്റ് ഫിനാൻസ് എൻസിഡി ഇഷ്യു 17 മുതൽ

Posted on: January 16, 2017

കൊച്ചി : മുത്തൂറ്റ് ഫിനാൻസിന്റെ നോൺ കൺവർട്ടബിൾ റിഡീമബിൾ ഡിബഞ്ചറുകളുടെ 16  മതു സീരീസ് പബ്ലിക് ഇഷ്യൂ ജനുവരി 17 മുതൽ ആരംഭിക്കും. ഫെബ്രുവരി 17 വരെയാണ് ഇഷ്യൂ. സെക്യുവേർഡ് വിഭാഗത്തിൽ പെട്ട ആയിരം രൂപ മുഖവിലയുള്ള 1300 കോടി രൂപ വരെയും അൺ സെക്യുവേർഡ് വിഭാഗത്തിൽ ആയിരം രൂപ മുഖവിലയുള്ള നൂറു കോടി രൂപ വരേയും ഉള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ വഴി ആകെ 1400 കോടി രൂപയാണ് സമാഹരിക്കുന്നത്. 1400 കോടി രൂപ വരെയുള്ള അധിക സബ്‌സ്‌ക്രിപ്ഷൻ കൈവശം വെക്കാനുള്ള വ്യവസ്ഥയും ഇഷ്യൂവിൽ ഉണ്ടായിരിക്കും.

ക്രിസിൽ, ഐസിആർഎ എന്നീ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ഈ ഇഷ്യൂ വിലയിരുത്തി ദീർഘകാല കടപ്പത്ര വിഭാഗത്തിൽ എഎ/സ്റ്റേബിൾ എന്ന റേറ്റിംഗ് നൽകിയിട്ടുണ്ട്. സമയാ സമയങ്ങളിൽ സാമ്പത്തിക ബാധ്യതകൾ പാലിക്കുന്നതിലും ക്രെഡിറ്റ് നഷ്ട സാധ്യതകളിലും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷിതത്വമാണ് ഈ റേറ്റിംഗ് സൂചിപ്പിക്കുന്നത്. എൻസിഡികൾ ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റു ചെയ്യും.

പ്രതിമാസമോ വാർഷികാടിസ്ഥാനത്തിലോ പലിശ നൽകുന്ന തരത്തിലും കാലാവധി പൂർത്തിയാക്കുമ്പോൾ നൽകുന്ന തരത്തിലും 8.25 ശതമാനം മുതൽ 9.25 ശതമാനം വരെ നേട്ടം ലഭിക്കുന്ന പത്തു വിവിധ നിക്ഷേപ രീതികളാണ് ചെറുകിട നിക്ഷേപകർക്കായുള്ള സെക്യൂവേർഡ് എൻസിഡികൾക്കായുള്ളത്. അൺ സെക്യൂവേർഡ് എൻസിഡികളിൽ ചെറുകിട നിക്ഷേപകർക്ക് 9.06 ശതമാനം നേട്ടം ലഭിക്കുന്ന തരത്തിൽ നിക്ഷേപ തുക 96 മാസം കൊണ്ട് ഇരട്ടിക്കും. കമ്പനിയുടെ വായ്പാ പദ്ധതികൾക്കായാവും സമാഹരിക്കുന്ന തുക പ്രാഥമികമായി ഉപയോഗിക്കുക.

തങ്ങളുടെ ദീർഘകാല കടപ്പത്ര നിക്ഷേപങ്ങൾക്ക് എഎ/സ്റ്റേബിൾ എന്ന നിലയിലേക്ക് ക്രിസിലും ഐസിആർഎയും റേറ്റിംഗ് ഉയർത്തിയ ശേഷം നടത്തുന്ന കമ്പനിയുടെ ആദ്യ പബ്ലിക് ഇഷ്യൂ ആണിതെന്ന് ജോർജ്ജ് അലക്‌സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യങ്ങളും ബാങ്ക് നിക്ഷേപങ്ങളിലെ കുറഞ്ഞ പലിശ നിരക്കും കണക്കിലെടുക്കുമ്പോൾ ഇപ്പോഴത്തെ ഇഷ്യുവിലെ നിരക്ക് ചെറുകിട നിക്ഷേപകരെ സംബന്ധിച്ച് ഏറെ ആകർഷകമാണെന്നും അദേഹം ചൂണ്ടിക്കാട്ടി. ഇഷ്യൂവിലെ 70 ശതമാനം ചെറുകിട നിക്ഷേപകർക്കായി മാറ്റി വെച്ചിരിക്കുകയാണെന്നും അദേഹം പറഞ്ഞു.