സെറ്റ 3 ഡിജിറ്റൽ ടാക്‌സ് ഓപ്റ്റിമൈസർ സൊല്യൂഷൻസ് അവതരിപ്പിച്ചു

Posted on: October 3, 2016

zeta-india-big

കൊച്ചി : നികുതിയാനുകൂല്യങ്ങൾ പൂർണമായി ഉപയോഗപ്പെടുത്തി കൂടുതൽ തുക മിച്ചവയ്ക്കാൻ ശമ്പളവരുമാനക്കാരെ സഹായിക്കുന്ന മൂന്നു പുതിയ ഡിജിറ്റൽ ടാക്‌സ് ഓപ്റ്റിമൈസർ സൊല്യൂഷനുകൾ സെറ്റ ഇന്ത്യ അവതരിപ്പിച്ചു. ഇന്ധനം – ട്രാവൽ, കമ്യൂണിക്കേഷൻ, പുസ്തകങ്ങളും വാരികകളും എന്നിവയാണ് കമ്പനി തൊഴിലാളി സൗഹൃദ നികുതിലാഭ ഉത്പന്നശേഖരത്തിൽ ലഭ്യമാക്കിയിട്ടുള്ളത്.

ഇന്ധനഅലവൻസ്, മൊബൈൽ ഫോൺ- ഇന്റർനെറ്റ് ബിൽ റീഇംബേഴ്‌സ്‌മെന്റ്, പുസ്തകം-മാസിക ചെലവുകളുടെ റീഇംബേഴ്‌സ്‌മെന്റ് എന്നിവ ഉപയോഗിച്ച് നിയമപരമായി നികുതി കുറയ്ക്കുന്നതിനു സഹായിക്കുന്നതാണ് കമ്പനി പുറത്തിറക്കിയിട്ടുള്ള ഇ- സൊല്യൂഷൻസ്. മീൽ വൗച്ചർ, മെഡിക്കൽ റീഇംബേഴ്‌സ്‌മെന്റ്, ഗിഫ്റ്റ് കാർഡ് തുടങ്ങിയ നിലവിലുള്ള ഡിജിറ്റൽ സൊല്യൂഷൻസിനൊപ്പമാണ് ഇവ കൂടി ലഭ്യമാക്കിയിട്ടുള്ളതെന്ന് സെറ്റ സിഇഒയും സഹസ്ഥാപകനുമായ ഭാവിൻ തുരാക്കിയ പറഞ്ഞു.

സ്റ്റാർട്ടപ് മുതൽ വലിയ കമ്പനികൾ വരെ മൂന്നൂറിലധികം സ്ഥാപനങ്ങൾ സെറ്റ ഡിജിറ്റൽ സൊലൂഷൻ ഉപയോഗിക്കുന്നുണ്ടെന്ന് തുരാക്കിയ പറഞ്ഞു. ഏതാനും മാസങ്ങളായി മികച്ച വളർച്ചയാണ് കമ്പനി നേടുന്നത്. ഇതിന്റെ വെളിച്ചത്തിൽ കൂടുതൽ ഉത്പന്നങ്ങൾ വികസിപ്പിക്കുന്നതിനും കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിനുമായി അടുത്ത രണ്ടു വർഷത്തിൽ 25 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താൻ കമ്പനി ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഈ തൊഴിലാളി സൗഹൃദ സൊല്യൂഷൻസ് നടപ്പാക്കുന്നതു വഴി പ്രതിവർഷം 80,000 രൂപ വരെ അധികമായി ശമ്പളം വീട്ടിലേക്കു കൊണ്ടുപോകുവാൻ കഴിയുമെന്ന് സെറ്റ സിടിഒയും സഹസ്ഥാപകനുമായ രാംകി ഗഡിപതി കൂട്ടിച്ചേർത്തു.

TAGS: Zeta India |