പൂർണ്ണിമയുടെ ‘പ്രാണ’

Posted on: September 6, 2014

Prana-Topcover-big

വസ്ത്ര വിപണിയിൽ രാജ്യാന്തര അനുഭവം പകർന്നു നൽകുകയാണ് പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയും അവതാരകയുമായ പൂർണ്ണിമ ഇന്ദ്രജിത്ത്. എറണാകുളം പനമ്പിള്ളി നഗറിൽ പൂർണ്ണിമ തുടങ്ങിയ പ്രാണ, ഫാഷൻ വസ്ത്രങ്ങളുടെ വിസ്മയ കലവറയാണ്. അടുത്തമാസം ഒന്നാം വാർഷികം ആഘോഷിക്കുന്ന പ്രാണയുടെ വിശേഷങ്ങൾ പൂർണ്ണിമ ഇന്ദ്രജിത്ത് പങ്കിടുന്നു.

പ്രാണയുടെ തുടക്കം

ദീർഘകാലത്തെ ആലോചനയ്ക്കും പഠനത്തിനും ശേഷമാണ് പ്രാണ തുടങ്ങിയത്. ഫാഷൻ വസ്ത്രങ്ങളുടെ ഈറ്റില്ലമായ കൊച്ചിയിൽ തന്നെ അതിന് തുടക്കമിട്ടു. ഒരുപാട് ബിസിനസുകൾ മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും മനസ്സിൽ നിറഞ്ഞുനിന്നത് പ്രാണ പോലൊന്നായിരുന്നു. എന്തായാലും എന്റെ ആശയം വിജയം കണ്ടു. തുടക്കത്തിൽ അല്പം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ എല്ലാം ഭംഗിയായി നടക്കുന്നു.

Poornima-and-friends-big

നവ വധുക്കളും മോഡലുകളും പ്രാണയിലേക്ക് വരുന്നുണ്ട്. താരങ്ങളുടേതടക്കം ധാരാളം പേർക്ക് വിവാഹവസ്ത്രങ്ങൾ ഒരുക്കി. ചാനലുകളിലും മറ്റുമുളള റിയാലിറ്റി ഷോകളിലുളള താരങ്ങൾക്കും പ്രാണ പുതിയ ഫാഷൻ വസ്ത്രങ്ങൾ ഒരുക്കുന്നു.

പേരിനു പിന്നിലെ രഹസ്യം

പുതിയ ബിസിനസ് തുടങ്ങാൻ പ്ലാൻ ചെയ്‌പ്പോഴെ പേരിനെക്കുറിച്ച് ഒരുപാട് ആലോചിച്ചു. പ്രാണ എന്ന് പേരിട്ടത് ഇന്ദ്രനാണ്. ഞങ്ങളുടെ മക്കളുടെ പേര് പ്രാർത്ഥനയെന്നും നക്ഷത്രയെന്നുമാണ്. അവരുടെ പേരുകൾ ചേർത്താണ് പ്രാണ. എന്തായാലും ആ പേര് ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായി. വളരെ വ്യത്യസ്തമായ പേരായതിനാൽ കേൾക്കുന്നവരൊക്കെ നന്നായെന്നു പറയാറുണ്ട്.

പ്രചോദനം

ബിസിനസ് തുടങ്ങാൻ തന്നെ എനിക്ക് പ്രചോദനമായത് അച്ഛനും അമ്മയും ആയിരുന്നു. പിന്നെ ഞാൻ വിവാഹം ചെയ്ത് വന്ന വീട്ടിലെ അമ്മയുടെ അദ്ധ്വാനവും എനിക്ക് മാതൃകയായിരുന്നു. എന്റെ കുട്ടിക്കാലം മുതലേ അച്ഛന്റെയും അമ്മയുടേയും കഠിനാദ്ധ്വാനം കണ്ടാണ് വളർന്നത്. ടീച്ചറായിരുന്ന അമ്മയ്ക്ക് നാല് സ്‌ക്കൂളുകൾ ഉണ്ടായിരുന്നു.

ഈ തിരക്കുകൾക്കിടയിലും അമ്മ നൃത്തം പഠിപ്പിക്കുവാനും സമയം കണ്ടെത്തി. എന്തെല്ലാം തടസമുണ്ടായാലും എന്നെയും അനുജത്തിയെയും അമ്മ നൃത്തം പഠിപ്പിച്ചിരുന്നു. ഇന്ദ്രന്റെ അമ്മ വിദേശത്ത് രണ്ട് സ്ഥാപനങ്ങളാണ് നടത്തുന്നത്. ബിസിനസിൽ യാതൊരു പരിചയവുമില്ലാത്ത അമ്മ എത്ര കൂളായിട്ടാണ് ബിസിനസ് നടത്തുന്നത്.

കസ്റ്റമേഴ്‌സാണ് കിംഗ്

കസ്റ്റമേഴ്‌സിന്റെ ഇഷ്ടമാണ് കൂടുതലായി പ്രാധാന്യം കൊടുക്കുന്നത്. അവരുടെ സംതൃപ്തിയാണ് എനിക്കു വലുത്. എത്ര തിരക്കുണ്ടെങ്കിലും എല്ലാ കസ്റ്റമേഴ്‌സിനെയും അറ്റന്റ് ചെയ്യും. അവരോട് കുശലവും തമാശയും ഞാൻ പറയാറുണ്ട്. ഓരോരുത്തരുടെയും ബജറ്റിന് അനുസരിച്ച് ചെയ്യുകയാണ്. ഒന്നും അടിച്ചേൽപ്പിക്കുകയില്ല. എന്റെ അഭിപ്രായം പറയും എന്നുമാത്രം. ചിലർ എന്റെ ഇഷ്ടത്തിന് വിടും. മറ്റുചിലർ അവരുടെ ഭാവനയും ആഗ്രഹങ്ങളും ഒക്കെ പറയും.

പ്രാണ നിങ്ങൾക്കു നൽകുന്നത്

സ്ത്രീകളുടേയും കുട്ടികളുടേയും ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങളാണ് പ്രാണയിലുളളത്. സാരി, ചുരിദാർ തുടങ്ങി കോമൺ വസ്ത്രങ്ങൾക്കു പുറമെ ഏറ്റവും പുതിയ വസ്ത്രങ്ങളും പ്രാണയിലുണ്ട്. വിവാഹ ഡ്രസുകളും ആഘോഷങ്ങളിൽ അണിയാനുളള വസ്ത്രങ്ങളുമാണ് പ്രാണയുടെ സ്‌പെഷ്യൽ ഐറ്റങ്ങൾ. കസ്റ്റമേഴ്‌സിന്റെ ശരീര ഘടനയ്ക്കും ഭാവനയ്ക്കും അഭിരുചിക്കുമിണങ്ങുന്ന രീതിയിലാണ് വസ്ത്രങ്ങൾ നൽകുന്നത്. പ്രശസ്തരായ തുന്നൽ വിദഗ്ദ്ധരാണ് പ്രാണയിലെ വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. ഞാൻ നേരിട്ട് ഡിസൈൻ ചെയ്യുന്ന ഫാഷൻ വസ്ത്രങ്ങൾ പ്രാണയുടെ മാത്രം പ്രത്യേകതയാണ്.

ജീവനക്കാർക്ക് ആത്മവിശ്വാസം

എത്ര ചെറിയ സ്ഥാപനമായാലും അവിടത്തെ ജീവനക്കാർക്ക് ആത്മവിശ്വാസം പകർന്നുനൽകണം. സ്വാതന്ത്ര്യവും കൊടുക്കണം. എന്റേത് വളരെ ചെറിയ ഒരു സ്ഥാപനമാണ്. കുറച്ച് ജോലിക്കാരെ ഉള്ളൂ. ഞങ്ങളെല്ലാം ഒരു കൂട്ടായ്മയായിട്ടാണ് മുന്നോട്ട് പോകുന്നത്. എന്റെ ജോലിക്കാർക്ക് പൂർണ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. അവരെ വിശ്വസിക്കുന്നു. ഞാൻ അവരോടൊപ്പം തന്നെ ജോലിയിൽ പങ്കാളിയാകുന്നുണ്ട്. അവർ എന്ത് നല്ല പ്രവൃത്തി ചെയ്താലും തീർച്ചയായും താൻ അഭിനന്ദിക്കുമെന്ന് പൂർണ്ണിമ പറഞ്ഞു. പുതിയ ഔട്ട്‌ലെറ്റ് തുടങ്ങാൻ പൂർണിമയ്ക്ക് ഇപ്പോൾ ആലോചനയില്ല.

തുടക്കക്കാരോട് പറയാനുളളത്

ഏത് ബിസിനസ് തുടങ്ങാനും ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പ്രതിസന്ധികൾ സ്വാഭാവികമാണ്. പക്ഷേ അവയെ തരണം ചെയ്യാനുളള മനസുണ്ടാക്കിയെടുക്കണം. എല്ലാം ചെയ്യുന്നതിനേക്കാളും നല്ലത്, ചെയ്യുന്നത് ഭംഗിയായും സത്യസന്ധമായും ചെയ്യുക. എല്ലാവരോടും മാന്യമായി വിനയത്തോടെ പെരുമാറുക. നടക്കാനാവാത്ത കാര്യങ്ങൾക്ക് വാക്ക് കൊടുക്കരുത്. എല്ലാം പോസിറ്റീവായി കാണുക. വാക്ക് പാലിക്കാൻ കഴിവതും ശ്രമിക്കുക.

പി ആർ സുമേരൻ