മൊബൈൽ ടവറുകളിലെ ഇഎംഎഫ് വികിരണം : ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് ടെലികോം വകുപ്പ്

Posted on: March 1, 2017

കൊച്ചി: മൊബൈൽ ടവറുകളിലെ ഇലക്‌ട്രോ മാഗ്‌നറ്റിക് ഫീൽഡ് (ഇഎംഎഫ്) വികിരണം സംബന്ധിച്ച് ടെലികമ്യൂണിക്കേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊച്ചിയിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കൊച്ചിയിൽ നടത്തിയ ബോധവത്ക്കരണ പരിപാടി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെലികോം എൻഫോഴ്‌സ്‌മെന്റ്, റിസോഴ്‌സ് & മോണിട്ടറിംഗ് സെൽ) സുനിത സി ഐറ്റിഎസ് ഉദ്ഘാടനം ചെയ്തു. രാജ്യ വ്യാപകമായി മൊബൈൽ കണക്ടിവിറ്റിയും ശാസ്ത്ര ബോധവും വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടി.

ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള ഐഎഎസ്, ഡോ. ചന്ദ്രമോഹൻ കെ (റീജണൽ കാൻസർ സെന്റർ തിരുവനന്തപുരം), അഡ്വ. പി. സതീശൻ, റിട്ടയേഡ് അഡീഷണൽ ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ. സി. ജോസഫ് തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൡലെ മുതിർന്ന ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തു. മൊബൈൽ ടവറുകളിൽ നിന്നുള്ള വികിരണത്തെക്കുറിച്ചു പരക്കുന്ന തെറ്റിദ്ധാരണകളെക്കുറിച്ച് ടെലികോം ഓഫിസർമാരും ഡോക്ടർമാരും അടങ്ങുന്ന പാനൽ വിശദമായി സംസാരിക്കുകും ശാസ്ത്ര വസ്തുകൾ വെളിപ്പെടുത്തുകയും ചെയ്തു.

മൊബൈൽ ടവറുകളിൽ നിന്നുള്ള ഇഎംഎഫ് വികിരണം സുരക്ഷാ പരിധിക്കു താഴെയാണെന്നുള്ളതിനു വിരുദ്ധമായ ഒരു ശാസ്ത്രീയ തെളിവുമില്ലെന്ന് സ്വാഗതം പറഞ്ഞ റ്റിഇആർഎം ഡിഒറ്റി കേരള ഡയറക്ടർ ടി. ശ്രീനിവാസൻ ഐറ്റിഎസ് അഭിപ്രായപ്പെട്ടു. ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ലോകാരോഗ്യ സംഘടനയുടെ നോൺ അയണിങ് വികിരണം സംബന്ധിച്ച അന്താരാഷ്ട്ര കമ്മീഷനാണ് ഈ സുരക്ഷാ പരിധി നിർണയിച്ചിട്ടുള്ളത്.

നോൺ അയണിങ് വികിരണം സംബന്ധിച്ച അന്താരാഷ്ട്ര കമ്മീഷൻ നിഷ്‌കർഷിച്ചിട്ടുള്ളതിലും പത്തിരട്ടി ശക്തമായ മാനദണ്ഡങ്ങളാണ് റേഡിയോ ഫ്രീക്വൻസി ഫീൽഡ് (ബേസ് സ്റ്റേഷൻ വികിരണം) സംബന്ധിച്ച് ടെലികോം വകുപ്പ് നിർദേശിച്ചിട്ടുള്ളത്. ഇഎംഎഫ് വികിരണം സംബന്ധിച്ച നമ്മുടെ മാനദണ്ഡങ്ങൾ പല വികസിത രാജ്യങ്ങളും പിന്തുടരുന്നതിനേക്കാൾ അതി ശക്തമാണെന്ന് സുനിത സി ഐറ്റിഎസ് അഭിപ്രായപ്പെട്ടു. ഇഎംഎഫ് വികിരണം സംബന്ധിച്ച് നമ്മുടെ പല ഗ്രാമങ്ങളിലും തെറ്റിദ്ധാരണകളാണുള്ളതെന്നും അവരുടെ പ്രദേശങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുവാദം നൽകണമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ 30 വർഷമായി 25,000 ലോക വ്യാപകമായി നടത്തിയ പഠനങ്ങളും ശാസ്ത്ര ഗ്രന്ഥങ്ങളും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്. പല രാസവസ്തുക്കളുടെ കാര്യത്തിലുള്ളതിനേക്കാൾ വിപുലമായ ശാസ്ത്രീയ അറിവുകളാണ് ഇക്കാര്യത്തിലിന്നുള്ളത്. കുറഞ്ഞ തോതിലുള്ള വൈദ്യുത കാന്തിക മേഖലകളുമായുള്ള സമ്പർക്കം ഏതെങ്കിലും രീതിയിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി ഒരു തെളിവും ഇതുവരെ ലഭ്യമായിട്ടില്ല.

ഇ.എം.എഫുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കർശനമായി പാലിക്കുന്നു എന്നു ഉറപ്പാക്കാനുളള നിരീക്ഷണ സംവിധാനങ്ങളാണ് ടെലികോം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഇഎംഎഫ് സംബന്ധിച്ച ചട്ടങ്ങൾ ഏതെങ്കിലും ബിടിഎസ് സൈറ്റിൽ ലംഘിക്കുന്നു എന്നു കണ്ടാൽ ആ ബി.ടി.എസ്. സ്റ്റേഷൻ അടച്ചു പൂട്ടുന്നതിനും ബിടിഎസ് സ്റ്റേഷൻ ഒന്നിന് പത്തു ലക്ഷം രൂപ വീതം പിഴ ഈടാക്കുന്നതിനും നടപടിയെടുക്കുന്നുണ്ടെന്നും സുനിത പറഞ്ഞു.

അൻപതിലേറെ ദേശീയ സ്ഥാപനങ്ങളും എട്ട് അന്താരാഷ്ട്ര സംഘടനകളും പങ്കാളികളായ ലോകാരോഗ്യ സംഘടനയുടെ ഇഎംഎഫ് പ്രൊജക്ടിനെക്കുറിച്ചാണ് ഡോ. ചന്ദ്രമോഹൻ ചൂണ്ടിക്കാട്ടിയത്. താഴ്ന്ന നിലയിലുള്ള വൈദ്യുത കാന്തിക ഫീൽഡുകൾ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാമോ എന്നതിനെക്കുറിച്ച് 1996 മുതൽ പഠിക്കുകയും ശാസ്ത്രീയമായ വിവരങ്ങൾ ലഭ്യമാക്കുകയാണിതിലൂടെ ചെയ്യുന്നത്. കുറഞ്ഞ തോതിലുള്ള ശാസ്ത്രീയമായ വിവരങ്ങൾ ലഭ്യമാക്കുകയാണിതിലൂടെ ചെയ്യുന്നത്. കുറഞ്ഞ തോതിലുള്ള വൈദ്യുത കാന്തിക ഫീൽഡ് ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച് ഇതു വരെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും അദേഹം ചൂണ്ടിക്കാട്ടി.