ഈസ്റ്റേൺ ഗ്ലോബൽ ഷോർട്ട് ഫിലിം അവാർഡിന് എൻട്രികൾ ക്ഷണിച്ചു

Posted on: October 5, 2017

കൊച്ചി : ജനപ്രിയ ഈസ്റ്റേൺ ഗ്ലോബൽ ഷോർട്ട് ഫിലിം അവാർഡിൽ ഇത്തവണ വിമെൻസ് ജേർണി എന്ന പ്രമേയത്തിൽ പ്രത്യേക പുരസ്‌കാരം നൽകും. ഒക്ടോബർ 5 ന് ആരംഭിക്കുന്ന മത്സരത്തിൽ 2017 നവംബർ 20 വരെ എൻട്രികൾ സമർപ്പിക്കാം. ഹൃസ്വചിത്ര മേഖലയിലെ സർഗ്ഗാത്മകതയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഗ്ലോബൽ ഇനീഷിയേറ്റീവ് ഫോർ എക്‌സലൻസും, ഈസ്‌റ്റേൺ ഗ്രൂപ്പും ചേർന്നാണ് ഈസ്റ്റേൺ ഗ്ലോബൽ ഹൃസ്വചിത്ര പുരസ്‌കാരം അവതരിപ്പിക്കുന്നത്.

ഈസ്‌റ്റേൺ ഭൂമികയിലൂടെ നടത്തിയ ശ്രമങ്ങൾക്കു തുടർച്ചയായി സ്ത്രീകളുടെ മുന്നേറ്റങ്ങളും അതിനിടയിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളും ദൃശ്യങ്ങളിലൂടെ വിവിധ കോണുകളിലൂടെ ആവിഷ്‌ക്കരിക്കുകയാണ് വിമെൻസ് ജേർണി എന്ന പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.

മികച്ച ചിത്രം, മികച്ച പ്രമേയം (സ്ത്രീ പ്രമേയമായുള്ള മികച്ച ചിത്രത്തിന് ഭൂമികാ പുരസ്‌കാരം), ഏറ്റവും ജനപ്രീതിയുള്ള ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച നടൻ/നടി, മികച്ച ഛായാഗ്രഹണം, മികച്ച എഡിറ്റിംഗ്, മികച്ച പശ്ചാത്തല സംഗീതം, മികച്ച ശബ്ദ മിശ്രണം എന്നിവയിലാണ് ഇത്തവണ പുരസ്‌കാരം നൽകുക.

ആഗോള പ്രശസ്തനായ ചലച്ചിത്ര സംവിധായകൻ ഡോ. ബിജു ജൂറിക്ക് നേതൃത്വം നൽകും. പ്രശസ്ത ചലച്ചിത്ര താരം റീമ കല്ലിങ്കൽ, നിർമാതാവും സംവിധായകയുമായ ശ്രീബാല കെ. മേനോൻ, പ്രമുഖ മാധ്യമ പ്രവർത്തകയും ചലച്ചിത്ര നിരൂപകയുമായ സരസ്വതി നാഗരാജൻ എന്നിവർ ഇത്തവണത്തെ പ്രത്യേക പ്രമേയം വിലയിരുത്തുന്ന ജൂറിയുടെ ഭാഗമാകും.

ഛായാഗ്രാഹകനായ എം.ജെ. രാധാകൃഷ്ണൻ, സംവിധായകനും രചയിതാവുമായ പ്രമോദ് പയ്യന്നൂർ, ഹൃസ്വ ചിത്ര നിർമ്മാതാവ് അജൻ ആർ.എസ്., നടനും നിർമാതാവുമായ പ്രകാശ് ബരെ, സംഗീത സംവിധായകൻ സന്തോഷ് ചന്ദ്രൻ, സൗണ്ട് റെക്കോഡിസ്റ്റ് സ്മിജിത്ത് കുമാർ പി.ബി., പരിസ്ഥിതി ഡോക്യുമെന്ററി നിർമ്മാതാവ് സി. റഹീം എന്നിവരും ജൂറി അംഗങ്ങളാണ്.

വിമെൻസ് ജേർണി എന്ന പ്രമേയത്തിലെ മികച്ച തിരക്കഥ ഹ്രസ്വചിത്രമായി നിർമ്മിക്കുവാൻ ഈസ്റ്റേൺ ഗ്രൂപ്പ് ധനസഹായം നല്കും എന്നതാണ് ഈ വർഷത്തെ മുഖ്യ ആകർഷണം. പ്രശസ്ത ചലച്ചിത്രതാരം റീമ കല്ലിങ്കലിന്റെ നേതൃത്വത്തിലുളള സബ് ജൂറിയാണ് മികച്ച തിരക്കഥ തെരഞ്ഞെടുക്കുന്നത്.

ചലച്ചിത്ര അക്കാദമി, കെ.എസ്.എഫ്.ഡി.സി., ഷേണായീസ് ഗ്രൂപ്പ് ഓഫ് തീയേറ്റേഴ്‌സ്, ഷോർട്ട്ഫിക്‌സ്, ഭാരത് ഭവൻ, പബ്ലിക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യ, ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സ് (ഐ ആം), എർഗോ ഈവന്റ്‌സ്, ബൈറ്റ്‌സ് ഇന്ററാക്ടീവ്‌സ്, ഫോൾക്ക് ടെയ്ൽസ്, നവ കേരള മിഷൻ എന്നിവർ ഈസ്റ്റേൺ ഗ്ലോബൽ ഹൃസ്വ ചിത്ര പുരസ്‌കാരത്തിനു പിന്തുണ നൽകുന്നുണ്ട്. സിറാജ് ഷായാണ് പരിപാടിയുടെ ക്രിയേറ്റീവ് ഡയറക്ടർ.

ഈസ്റ്റേൺ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, ഗ്ലോബൽ ഇനീഷിയേറ്റീവ് ഫോർ എക്‌സലൻസ് മാനേജിംഗ് പാർട്ടണർ ജോ എ സ്‌ക്കറിയ, ഈസ്റ്റേൺ ഗ്ലോബൽ ഷോർട്ട് ഫിലിം അവാർഡ്‌സ് ചീഫ് കോർഡിനേറ്റർ ടി വിനയകുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾ https://www.facebook.com/GlobalShortfilmAwards/ എന്ന ലിങ്കിലോ 9496492538 എന്ന മൊബൈൽ നമ്പരിലോ അറിയാവുന്നതാണ്.