ഭാരത് ബിൽ പേമെന്റ് സംവിധാനവുമായി എച്ച്ഡിഎഫ്‌സി

Posted on: February 11, 2017

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്ക് ഭാരത് ബിൽ പേമെന്റ് സിസ്റ്റം (ബിബിപിഎസ്) ഏർപ്പെടുത്തി. ബിബിപിഎസ് ഏർപ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ബാങ്കാണ് എച്ച്ഡിഎഫ്‌സി. ദേശീയ തലത്തിൽ പരസ്പര പ്രവർത്തനക്ഷമതയുള്ള ബിൽ പേമെന്റ് സംവിധാനം എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് സൗകര്യത്തിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

ബിൽ പേമെന്റ് സേവനങ്ങൾ ലഭ്യമാക്കുന്ന ബാങ്കുകൾ, ബാങ്കിംഗ് ഇതര സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്രീകൃത സംവിധാനം എപിസിഐ-ആണ് തയാറാക്കിയിരിക്കുന്നത്. വൈദ്യുതി, പാചകവാതകം, വാട്ടർ ബില്ലുകൾ ഇൻസ്റ്റന്റ് ആയി അടയ്ക്കാൻ ഉപഭോക്താക്കൾക്ക് കഴിയും.

ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗിലൂടെ ബിബിപിഎസ് സംവിധാനം ലഭ്യമാണ്. ഉപഭോക്താക്കൾ അല്ലാത്തവർക്കും ഈ സംവിധാനം ഉടൻ ലഭിക്കുന്നതാണ്. ഉപഭോക്താക്കൾ അല്ലാത്തവർക്ക് മൊബൈൽ ബാങ്കിംഗിലൂടെയാണ് ഈ സേവനം ലഭ്യമാവുക. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കൾക്ക് നെറ്റ് ബാങ്കിംഗ് പേജിൽ ലോഗിൻ ചെയ്ത് ബിബിപിഎസ് സംവിധാനം ഉപയോഗിക്കാം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് സേവനവുമായി ഇത് ബന്ധിപ്പിക്കും.

ബില്ലുകൾ അടയ്ക്കാനായി വിവിധ വെബ്‌സൈറ്റുകൾ സന്ദർശിക്കേണ്ട ആവശ്യമില്ല എന്നതാണ് പ്രധാന നേട്ടം. ബില്ലുകൾ അടയ്ക്കാൻ ചെക്ക് നൽകേണ്ട ആവശ്യമില്ല. ബില്ലറുമായി രജിസ്റ്റർ ചെയ്യണമെന്നുമില്ല. എച്ച്ഡിഎഫ്‌സി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുടെ പുതിയ ശ്രേണി അവതരിപ്പിക്കുന്നതിന്റെ ഭാഗമാണ് ബിബിപിഎസ് എന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് ഡിജിറ്റൽ ബാങ്കിംഗ് കൺട്രി ഹെഡ് നിതിൻ ചോ പറഞ്ഞു.

TAGS: HDFC Bank |