എക്‌സ് യു വി 500 ന് പുതിയ മോഡൽ

Posted on: November 9, 2013

Mahindra-XUV500-SILVERമഹീന്ദ്ര എക്‌സ് യു വി 500 ന്റെ ഒരു മോഡൽ കൂടി നിരത്തിലെത്തി. ഡബ്ല്യൂ 4 എന്ന പേരിൽ ബേസ് മോഡലായി അവതരിപ്പിക്കുന്ന വാഹനത്തിന് 11.14 ലക്ഷമാണ് കൊച്ചിയിലെ ഷോറും വില. 140 ബി എച്ച് പി എംഹോക് എൻജിനുമായി പുറത്തിറക്കിയ എസ് യു വി രൂപകല്പനയിലും കരുത്തിലും സുരക്ഷയിലും സാങ്കേതികതയിലും പുതുമ അവകാശപ്പെടുന്നുണ്ട്. എക്‌സ് യു വി 500 ന്റെ ചീറ്റ സ്റ്റൈൽ രൂപകല്പന പുതിയ മോഡലിലും നിലനിർത്തുന്നു.

എക്‌സ് യു വി 500 പുറത്തിറക്കി രണ്ട് വർഷത്തിനകം 74,000 വാഹനങ്ങൾ വിറ്റഴിക്കാനായെന്നത് ഈ മോഡലിന്റെ മികച്ച വിജയമാണെന്ന് കമ്പനി ഓട്ടോമോട്ടീവ് ആൻഡ് ഫാം എക്യുപ്‌മെന്റ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറും പ്രസിഡന്റുമായ ഡോ. പവൻ ഗോയങ്ക പറഞ്ഞു.

എക്‌സ് യു വി 500 ലെ 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 140 ബി എച്ച് പി കരുത്തും 330 എൻ എം ടോർകും തരുന്നതാണ്. സിക്‌സ് സ്പീഡ് ട്രാൻസ്മിഷനോടുകൂടിയ വാഹനത്തിന്റെ വേരിയബിൾ ജ്യോമട്രി ടർബോചാർജർ 5.4 സെക്കന്റിനുള്ളിൽ അറുപത് കിലോമീറ്റർ വേഗമാർജിക്കാൻ സഹായിക്കുമെന്ന് ചീഫ് എസ്‌കിക്യൂട്ടീവ് പ്രവീൺ ഷാ പറഞ്ഞു.

മലിനീകരണം കുറക്കാൻ ഉപകരിക്കുന്ന മൈക്രോ ഹൈബ്രിഡ് സാങ്കേതികത്വം മികച്ച മൈലേജും നല്കുന്നതാണ്. 15.1 കിലോമീറ്റർ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

എൽ ഇ ഡി യോടുകൂടിയ പ്രോജക്ടർ ഹെഡ്‌ലാംബ്, രണ്ട് എയർബാഗുകൾ, ഇ ബി ഡി യോടുകൂടിയ എ ബി എസ്, സൈഡ് ഇംപാക്ട് ബീം, ക്രാഷ് പ്രൊട്ടക്ടർ, ഡിസ്‌ക് ബ്രേക് , ട്വിൻ എച്ച് വി എ സി, പവർ- ടിൽറ്റ് സ്റ്റീയറിംഗ്, പവർ അഡ്ജസ്റ്റബിൾ മിറർ, റിമോട്ട് സെൻട്രൽ ലോക്കിംഗ് തുടങ്ങി ഒട്ടേറെ സുരക്ഷാ സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.