ഫോക്‌സ്‌വാഗൺ ജെറ്റയുടെ പുതിയ മോഡൽ വിപണിയിൽ

Posted on: October 30, 2013

Volkswagen-Jettaജെറ്റയുടെ പുതിയ 2.0 ലിറ്റർ ടിഡിഐ, 1.4 ലിറ്റർ ടിഎസ്‌ഐ മോഡലുകൾ ഫോക്‌സ്‌വാഗൺ ഇന്ത്യ വിപണിയിലിറക്കി. 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിൻ 140 ഹോഴ്‌സ്പവറും 320എൻഎം ടോർക്കുമായി കരുത്തിൽ മുൻപന്തിയിലാണ്. ഇന്ധന ക്ഷമത 19.33 കിലോ മീറ്ററാണ് ഇതിന്റെ 6- സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് മോഡലും ലഭ്യമാണ്. ഈ മോഡലിന്റെ ഇന്ധന ക്ഷമത 16.96 കിലോ മീറ്ററാണ്. 1.4 ലിറ്റർ ടിഎസ്‌ഐ പെട്രോൾ എൻജിൻ 122 ഹോഴ്‌സ്പവറും 200 എൻഎം ടോർക്കുമായി കരുത്തിൽ വളരെ പിന്നിലല്ല. 14.9 കിലോമീറ്ററാണ് പെട്രോൾ മോഡലിന്റെ ഇന്ധന ക്ഷമത.

ഹെഡ്‌ലാമ്പ് വാഷറുകളോടുകൂടിയ ശക്തമായ സീനോൺ ഹെഡ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ- നോൺക്ലൈമട്രോണിക് എയർകണ്ടീഷണറുകൾ, 16-ഇഞ്ച് അലോയ് വീൽ, വിവിധ ദിശകളിലേക്ക് തിരിക്കാവുന്ന ഡ്രൈവർ സീറ്റ്, 60:40 അനുപാതത്തിൽ മടക്കാവുന്ന പിൻ സീറ്റ്, പിന്നിലും മുന്നിലുമുള്ള പ്രോക്‌സിമിറ്റി സെൻസറുകൾ, ബ്ലൂടൂത്ത് ഉപയോഗിക്കാവുന്ന അത്യാധുനിക മ്യൂസിക് സിസ്റ്റം, മൾടി – ഫംഗ്ഷൻ ഡിസ്‌പ്ലേയോടുകൂടിയ ഏറ്റവും പുതിയ ഡിജിറ്റൽ ഇൻസ്ട്രമെന്റ് പാനൽ, ക്രൂയിസ് കൺട്രോൾ, പാഡിൽ ഷിഫ്റ്റർ എന്നിവ മുൻ മോഡലുകളെ അപേക്ഷിച്ച് പുതിയ ജെറ്റയിലെ സവിശേഷതകളാണ്.

ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ചിലത് വിപണിയിലെത്തിച്ച പാരമ്പര്യമുള്ള ഫോക്‌സ് വാഗൺ, പുതിയ ജെറ്റയിൽ ആന്റി-ലോക്ക് ബ്രേക്ക് ഇലക്‌ട്രോണിക് സ്റ്റൈബിലൈസേഷൻ പ്രോഗ്രാം, 6 എയർ ബാഗുകൾ തുടങ്ങിയ ഉന്നതമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ക്യാബിനുകൾ ആഡംബര പൂർണവും വിശാലമായ സ്ഥല സൗകര്യമുള്ളതുമാണെന്നതാണ് മറ്റൊരു പ്രത്യേകത. പുതിയ ജെറ്റ മോഡലുകളുടെ ഡൽഹി എക്‌സ്-ഷോറൂം വില 13.70 ലക്ഷത്തിനും 19.43 ലക്ഷത്തിനും ഇടയിലാണ്.

ഫോക്‌സ് വാഗന്റെ മികച്ച എൻജിനീയറിംഗ് വൈദഗ്ധ്യം തുളുമ്പി നിൽക്കുന്ന പുതിയ ജെറ്റ മോഡലുകൾ ഏറ്റവും സൗകര്യപ്രദവും സുരക്ഷിതവും പ്രവർത്തന മികവോടുകൂടിയതും ഇന്ധന ക്ഷമവുമായ ആഡംബര സെഡാനുകളാണെന്ന് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ അരവിന്ദ് സാക്‌സേന പറഞ്ഞു.

TAGS: Voxwagen Jetta |