ലെക്‌സസ് എൽഎസ് 500എച്ച് ഇന്ത്യൻ വിപണിയിൽ

Posted on: January 17, 2018

ന്യൂഡൽഹി : ആഡംബരക്കാറായ ലെക്‌സസ് അഞ്ചാം തലമുറ എൽഎസ് 500എച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഡിസൈൻ മുതൽ പെർഫോമൻസും സുഖവും വരെയുള്ള കാര്യങ്ങളിൽ സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവമാണ് എൽഎസ് 500എച്ച് നൽകുന്നത്. ലെക്‌സസ് എൽഎസ് മോഡലിന് മാർദവമേറിയ പവർട്രെയിൻ, ശബ്ദമില്ലാതെയുള്ള റൈഡ്, നിർമ്മാണ വൈദഗ്ധ്യം തുടങ്ങിയ സവിശേഷതകളാണുള്ളത്.

പരമ്പരാഗത ത്രീ-ബോക്‌സ് രൂപഘടനയുടെ വിശാലതയും 4-ഡോർ കൂപ്പെയുടെ ആകർഷണീയതയോടെ സിക്‌സ്-ലൈറ്റ് കാബിനും ഉൾപ്പെടുത്തിയുള്ള കരുത്തുറ്റ രൂപഭംഗിയാണ് വാഹനത്തിനുള്ളത്. കൃത്യമായ ഹാൻഡ്‌ലിംഗിനുള്ള ഫ്രെയിംവർക്കായി പ്രവർത്തിക്കുന്ന ഗ്ലോബൽ ആർക്കിടെക്ചർ-ലക്ഷ്വറി പ്ലാറ്റ്‌ഫോം ഉയർന്ന പെർഫോമൻസ് നൽകും. ഉത്പന്ന നിരയിലെ ഏക ലോംഗ് വീൽ ബേസ് മോഡലായ എൽഎസ് 500എച്ചിൽ പുതിയ മൾട്ടി-ലിങ്ക് എയർ സസ്‌പെൻഷൻ സംവിധാനവുമുണ്ട്.

അതിരുകളില്ലാത്ത ഭാവനകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ലെക്‌സസിന്റെ നൂതന സാങ്കേതികാശയങ്ങൾ രൂപമെടുത്തിട്ടുള്ളതെങ്കിലും പ്രവർത്തനക്ഷമതയിൽ മനുഷ്യ-കേന്ദ്രീകൃത സമീപനത്തോടെയാണ് അവ അവതരിപ്പിച്ചിട്ടുള്ളത്. ബിഎസ് 6 നിലവാരത്തിലുള്ള എൻജിൻ ലിറ്ററിന് 15.38 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്നു. 3.5 ലിറ്റർ വി6 പെട്രോൾ എൻജിനും 310.8 കെവി ലിഥിയം അയേൺ ബാറ്ററിയും സംയോജിപ്പിച്ച് യാഥാർഥ്യമാക്കിയിരിക്കുന്ന എൽഎസ് 500എച്ച് ഫോർമുല വൺ സാങ്കേതികവിദ്യയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

ലോകത്തിലെ ആദ്യ മൾട്ടി-സ്റ്റേജ് ഹൈബ്രിഡ് സംവിധാനം ആവേശകരമായ പെർഫോമൻസും ഇലക്ട്രിക് മോട്ടറിന്റെ കൃത്യമായ സംയോജനത്തിലൂടെ ഉയർന്ന കാര്യക്ഷമതയും നൽകുന്നതോടൊപ്പം കൃത്രിമ 10-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സുഗമമായ ഗിയർ ഷിഫ്റ്റ് സാധ്യമാക്കുന്നു.

അത്യാധുനിക ഇലക്‌ട്രോണിക് കൺട്രോളാണ് എൽഎസിനുള്ളത്. പരിഷ്‌ക്കരിച്ച വെഹിക്കിൾ ഡൈനാമിക്‌സ് ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് (വിഡിഐഎം) സംവിധാനം വാഹനത്തിന്റെ ആറ് വ്യത്യസ്ത ഡൈനാമിക് ചലനങ്ങളെ സംയോജിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു. എൽഎസ് 500എച്ച് ന്റെ എന്റർടെയ്ൻമെന്റ് ഫീച്ചറുകളിലും സാങ്കേതികതികവ് പ്രകടമാണ്. 23 സ്പീക്കർ മാർക്ക് ലെവിൻസ ക്വാണ്ടം ലോജിക് ഇമേർഷൻ റഫറൻസ് സൗണ്ട് സിസ്റ്റം ലൈവ് പെർഫോമൻസിന്റെ നിലവാരമുള്ള ശബ്ദവിന്യാസം നൽകുന്നു.

ജീവിതം ആഘോഷമാക്കുന്നവർക്കായി കമ്പനിയുടെ ഉത്പാദന നിരയിലേക്ക് എൽഎസ് 500എച്ച് കൂട്ടിച്ചേർക്കുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് ലെക്‌സസ് ഇന്ത്യ ചെയർമാൻ എൻ. രാജ പറഞ്ഞു.

ലെക്‌സസ് എൽഎസ് 500എച്ചിന്റെ ഡൽഹി എക്‌സ് ഷോറൂം വിലകൾ
ലക്ഷ്വറി ഗ്രേഡ് – 1,77,21,000 രൂപ. അൾട്രാ ലക്ഷ്വറി ഗ്രേഡ് – 1,82,21,000 രൂപ. ഡിസ്റ്റിംക്ട് ഗ്രേഡ് – 1,93,71,000 രൂപ.

TAGS: Lexus LS-500h |