പെഡസ്ട്രിയൻ എയർ ബാഗുള്ള വോൾവോ വി 40 പുറത്തിറക്കി

Posted on: June 17, 2015
Volvo-all-new-V40-Launch-Bi

വോൾവോ വി 40 ഹൈദാരാബാദിൽ നടന്ന ചടങ്ങിൽ വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോം വോൺസ്‌ഡ്രോഫും ഡയറക്ടർ സുദീപ് നാരായണും ചേർന്ന് വിപണയിൽ അവതരിപ്പിക്കുന്നു.

ഹൈദരാബാദ് : വോൾവോ ഓട്ടോ ഇന്ത്യ പുതിയ വി 40 ലക്ഷ്വറി ഹാച്ച്ബാക്ക് കാർ പുറത്തിറക്കി. വലിയ കാറുകളിലെ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുള്ള വി 40 കോംപാക്ട് വിഭാഗത്തിലെ ഏറ്റവും സുരക്ഷിതത്വമുള്ള കാറാണ്. കാൽ നടക്കാരന്റെ ദേഹത്ത് കാർ മുട്ടുന്ന സാഹചര്യത്തിൽ പരിക്ക് ഒഴിവാക്കാനായുള്ള പെഡസ്ട്രിയൻ എയർ ബാഗ് വി 40-യിലുണ്ട്. മുൻഭാഗത്തെ ബംബറിലുള്ള സെൻസർ അപകടം മണത്തറിഞ്ഞ് എയർ ബാഗിനെ മുന്നോട്ടുതള്ളും. എയർ ബാഗാണ് കാൽനടക്കാരന്റെ ദേഹത്ത് തട്ടുക. ഇത്തരമൊരു സുരക്ഷാ സജ്ജീകരണം ലോകത്ത് ഇതാദ്യമാണ്.

ഡി3 കൈനറ്റിക്, ഡി 3 ആർ-ഡിസൈൻ (6 – സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) എന്നീ രണ്ട് മോഡലുകളിൽ വി 40 ലഭ്യമാണ്. ഡി3 കൈനറ്റിക്കിന്റെയും ഡി3 ആർ-ഡിസൈനിന്റെയും വില (ഡൽഹി, എക്‌സ്-ഷോറൂം) യഥാക്രമം 24.75 ലക്ഷം രൂപയും 27.7 ലക്ഷം രൂപയുമാണ്.

എൻട്രി ലെവൽ ലക്ഷ്വറി വിഭാഗത്തിലെ മറ്റ് കാറുകളുമായി വിജയകരമായി മത്സരിക്കാൻ പാകത്തിൽ ഏറ്റവും കുറഞ്ഞ വിലയാണിട്ടിരിക്കുന്നതെന്ന വോൾവോ ഓട്ടോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടോം വോൺസ്‌ഡ്രോഫ് പറഞ്ഞു. വോൾവോയുടെ ഇന്ത്യയിലെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന മോഡലാവും വി 40 എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാറിന്റെ വീതികൂടിയ ഇൻസ്ട്രമെന്റ് പാനലും ഡോർ രൂപകൽപനയുടെ ചലനാത്മകതയും സ്ഥല സൗകര്യം കൂടിയ, വലിയ കാറിന്റെ പ്രതീതി സൃഷ്ടിക്കുന്നു. സമാന്തര പാർക്കിങ് എളുപ്പമാക്കാനായി പാർക് അസിസ്റ്റന്റ് പൈലറ്റ് സജ്ജീകരിച്ചിട്ടുണ്ട്. നഗരങ്ങളിലെ കൂട്ടിയിടി ഒഴിവാക്കാനുള്ള സിറ്റി സേഫ്ടി സിസ്റ്റം 50 കിലോ മീറ്റർ വേഗത വരെ പ്രവർത്തനക്ഷമമായിരിക്കും. അശ്രദ്ധ മൂലം ഡ്രൈവർ ബ്രേക്ക് ചെയ്യാൻ വിട്ടുപോയാലും കാർ നിൽക്കും. സൈഡ് ഇംപാക്റ്റ് പ്രൊട്ടക്ഷൻ, ഡ്രൈവർ നീ എയർബാഗ്, സേഫ്ടി കേജ് എന്നിവയാണ് മറ്റ് സുരക്ഷാ സംവിധാനങ്ങൾ.