പ്രാദേശിക നിക്ഷേപക ഉച്ചകോടി മാര്‍ച്ച് 14ന് കോഴിക്കോട്

Posted on: March 3, 2022

കോഴിക്കോട്: ഗ്ലോബല്‍ സേഫ്റ്റി സമ്മിറ്റ് കേരള ചാപ്റ്ററും, ലിന്ത്യ ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രാദേശിക നിക്ഷേപക ഉച്ചകോടി (ലോക്കല്‍ ഇന്‍വെസ്റ്റര്‍സ് സമ്മിറ്റ് – മാര്‍ച്ച് 2022) മാര്‍ച്ച് 14ന് കോഴിക്കോട് നടക്കും. രാവിലെ 9മുതല്‍ വൈകിട്ട് 9വരെ ഹോട്ടല്‍ രാവിസ് കടവില്‍ ആണ് കോഴിക്കോട്ടെ ആദ്യ പ്രാദേശിക നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുക.

സാധാരണക്കാരായ സംരംഭകര്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും മികച്ച രീതിയില്‍ അവരുടെ ഉത്പന്നങ്ങളും സേവനങ്ങളും വിപണിയില്‍ അവതരിപ്പിക്കാന്‍ ചെറിയ മുതല്‍ മുടക്കില്‍ ഒരു ബ്രാന്‍ഡ് ലോഞ്ച് എന്നതും സമ്മിറ്റിന്റെ ഭാഗമാണ്. മുന്‍ എംപിയും ചലച്ചിത്ര നടനുമായ ഇന്നസെന്റ് ആകും പുതിയ ബ്രാന്‍ഡുകള്‍ ലോഞ്ചുചെയ്യുക.

സാധാരണക്കാരായ പുതു സംരംഭകര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കുകയാണ് ലോക്കല്‍ ഇന്‍വെസ്റ്റര്‍സ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രോഗ്രാം ഡയറക്ടര്‍ യുഎസ് ആഷിന്‍ വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിക്ക് ശേഷം ചെറുകിട, പുതു സംരംഭകര്‍ക്ക് കൂടുതല്‍ വിപണി കേന്ദ്രീകൃത്യമായി മുന്നേറുന്നതിനും, കൂടുതല്‍ ഉത്പന്നങ്ങള്‍ വിപണികളില്‍ എത്തിക്കുന്നതിനുമാണ് ഈ സംരംഭം അവസരമൊരുക്കുന്നത്.

ചെറുകിട ബിസിനസ് പ്രോജക്റ്റുകള്‍ക്ക് നിക്ഷേപകരെയും, വിതരണക്കാരെയും, ബിസിനസ് പാര്‍ട്ണര്‍സിനെയും കണ്ടെത്താനുള്ള സൗകര്യം, നിക്ഷേപകരുമായി നിശ്ചിത സമയം പിച്ച് ഡെക്ക് അവതരിപ്പിക്കുക, സംരംഭവുമായി ബന്ധപ്പെട്ട വിദഗ്ദ്ധരുമായി സംവദിക്കുക, ഉത്പന്ന പ്രദര്‍ശന സ്റ്റാളുകള്‍, ഓട്ടോഷോ തുടങ്ങിയ നിരവധി സൗകര്യങ്ങള്‍ സമ്മിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബിസിനസ് മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും നടന്‍ ഇന്നസന്റ് വേദിയില്‍ സമ്മാനിക്കും. നൂറിലധികം സ്റ്റാളുകളിലായി ആയിരത്തിലധികം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത്.

പ്രാദേശിക സംരംഭകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രാദേശിക നിക്ഷേപക സംഗമം നടക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895621248