മലയാളി സ്റ്റാര്‍ട്ട് അപ്പ് ‘വാന്‍’ ല്‍ ആറ് കോടി രൂപയുടെ നിക്ഷേപം

Posted on: January 8, 2022

കൊച്ചി : പരിസ്ഥിതി സൗഹൃദ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ട് അപ്പായ വാന്‍ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡില്‍ ആറ് കോടി രൂപയുടെ മൂലധന നിക്ഷേപം. മുന്‍നിര ഓയില്‍ ആന്റ് ഗ്യാസ് സേവന ദാതാക്കളായ ഏഷ്യന്‍ എനര്‍ജി സര്‍വീസസ് ലിമിറ്റഡാണ് മലയാളി സംരംഭകനായ ജിത്തു സുകുമാരന്‍ നായരുടെ സ്റ്റാര്‍ട്ട് അപ്പില്‍ നിക്ഷേപം നടത്തിയത്. ഇ-മൊബിലിറ്റി മേഖലയുടെ സാധ്യതകളും, ഇന്ത്യയുടെ തദ്ദേശീയ ഇ-മൊബിലിറ്റി ബ്രാന്റ് എന്ന നിലയിലുള്ള വാനിന്റെ വളര്‍ച്ചയുമാണ് ഏഷ്യന്‍ എനര്‍ജി സര്‍വീസസിനെ നിക്ഷേപത്തിലേക്ക് ആകര്‍ഷിച്ചത്. ഭാവിയില്‍ കൂടുതല്‍ ഫണ്ടിംഗ് നടത്താനും വാനിലുള്ള ഓഹരി വര്‍ധിപ്പിക്കാനും കമ്പനി താല്‍പര്യം പ്രകടിപ്പിച്ചു.

ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ വികസിപ്പിക്കല്‍, പരിപാലനം, ഇ-വേസ്റ്റ് കൈകാര്യം ചെയ്യല്‍, പുനരുത്പാദനം തുടങ്ങിയ അനുബന്ധ വ്യവസായങ്ങളിലെ പങ്കാളിത്തവും പരിഗണനയിലുണ്ട്. ബിഎസ്ഇ, എന്‍എസ്ഇ. സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ് ഏഷ്യന്‍ എനര്‍ജി. രാജ്യത്തെ സ്വകാര്യ എണ്ണ കമ്പനിയായ ഓയില്‍ മാക്സ് എന്ന മാതൃ കമ്പനിയാണ് പ്രധാന ഓഹരി ഉടമ.

2019 മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങിയ വാന്‍, ഇന്ത്യന്‍ ലൈഫ് സ്‌റ്റൈല്‍ ഇ-മൊബിലിറ്റി സ്റ്റാര്‍ട്ട് അപ്പ് എന്ന നിലയില്‍ ഇതിനോടകം രാജ്യാന്തര ശ്രദ്ധ നേടി കഴിഞ്ഞു. കഴിഞ്ഞ മാസം ഇറ്റലിയില്‍ നടന്ന ഇഐസിഎംഎ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ കമ്പനി ആഗോളതലത്തില്‍ ലോഞ്ച് ചെയ്തിരുന്നു. ഈ മാസം അവസാനം വാനിന്റെ ഇ-സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഇ-ബൈക്ക്, ഇ-മോപ്പഡ്, ഇ-സ്‌കൂട്ടര്‍, ഇ-ബോട്ട് തുടങ്ങിയവയാണ് വാന്‍ വിപണിയില്‍ ഇറക്കാന്‍ പോകുന്ന മറ്റ് ഉത്പന്നങ്ങള്‍. സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റേയും അംഗീകാരമുള്ള കമ്പനിയുടെ ബ്രാന്‍ിംഗ് ചെയ്യുന്നത് ഓസ്ട്രിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെടിഎമ്മിന്റെ കിസ്‌കയാണ്.

ആഗോള ബ്രാന്റായി വാനിനെ ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കാന്‍ പുതിയ നിക്ഷേപം കരുത്താകുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരന്‍ നായര്‍ പറഞ്ഞു. കൂടുതല്‍ നൂതനമായ ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും വാനിന്റെ പ്രവര്‍ത്തനം വിവിധ മേഖലകളിലേക്ക് വ്യാപിപിപ്പിക്കുന്നതിനും നിക്ഷേപം പ്രയോജനകരമാകുമെന്നും ജിത്തു വ്യക്തമാക്കി.

ലോകോത്തര മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ബെനെല്ലിയുമായി വാനിന് സാങ്കേതിക പങ്കാളിത്തമുണ്ട്. ഈ മാസം അവസാനം ഇ- സൈക്കിളുകള്‍ പുറത്തിറങ്ങുന്നതിന് പിന്നാല ഇ-ബൈക്കുകള്‍, കുട്ടികള്‍ക്കുള്ള സൂപ്പര്‍ ബൈക്ക്, വസ്ത്രങ്ങള്‍ തുടങ്ങിയവയും അവതരിപ്പിക്കും.

സാങ്കേതികമായി മുന്നേറുമ്പോഴും പരിസ്ഥിതിയുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധരാകുക എന്ന ആശയമാണ് കമ്പനിയെ നയിക്കുന്നത്. ഇനിയുള്ള കാലം പുനരുപയോഗ, സുസ്ഥിര ഊര്‍ജ്ജങ്ങളുടേതാണെന്ന വാദത്തെ ശരിവയ്ക്കുന്നത് കൂടിയാണ് വാന്‍ എന്ന മലയാളി സംരംഭകന്റെ സ്റ്റാര്‍ട്ട് അപ്പിന് ലഭിക്കുന്ന സ്വീകാര്യത.

 

TAGS: Vaan |