സസ്യ പ്രോട്ടീന്‍ : സ്റ്റാര്‍ട്ടപ് ഫണ്ടുമായി ബീറ്റാ ഗ്രൂപ്പ്

Posted on: January 13, 2021

കൊച്ചി : കശുവണ്ടി, ബദാം, ആപ്രിക്കോട്ട് തുടങ്ങിയ നട്ടുകളില്‍നിന്നും ഉണക്കമുന്തിരി പോലെയുള്ള ഡ്രൈ ഫ്രൂട്ടുകളില്‍നിന്നും പ്രൊട്ടീന്‍ വേര്‍തിരിച്ചെടുത്ത് പൗഡര്‍ രൂപത്തില്‍, പ്രകൃതിദത്ത പ്രൊട്ടീന്‍ ആഗോള വിപണിയിലെത്തിക്കാന്‍ പ്രമുഖ കശുവണ്ടി വ്യവസായി രാജ്‌മോഹന്‍പിള്ളയുടെ ബീറ്റാ ഗ്രൂപ്പ് ഒരുങ്ങുന്നു.

രാജ്യാന്തര കശുവണ്ടി- ബിസ്‌കറ്റ് വ്യവസായി ആയിരുന്ന രാജന്‍ പിള്ളയുടെ സഹോദരനാണ് രാജ്‌മോഹന്‍ പിള്ള. അദ്ദേഹത്തിന്റെ സ്മരണയ്ക്കായിപുതുസംരംഭകരെ പ്രോത്‌സാഹിപ്പിക്കാന്‍ തയാറാക്കിയ 100
കോടി രൂപയുടെ ഫണ്ടിന്റെ ഭാഗമാണ് ഭക്ഷ്യസംരംഭങ്ങള്‍.

വിപണിയിലെ മിക്ക പ്രോട്ടീന്‍ ഉത്പന്നങ്ങളും രാസവസ്തുക്കളില്‍നിന്നുള്ളതാകയാല്‍ സസ്യങ്ങളില്‍നിന്നുള്ള പ്രോട്ടീന് ലോകമെങ്ങും പ്രാധാന്യമേറുകയാണെന്ന് ഏതാനും വര്‍ഷമായിനടത്തുന്ന വിപണി ഗവേഷണത്തില്‍ വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലബോറട്ടറി ഘട്ടത്തിലുള്ള ഈ ഉത്പന്നങ്ങളുടെ ഇനിയുള്ള വികസനവും ഉല്‍പാദനവും വിപണനവും യുവസംരംഭകര്‍ക്കു വിട്ടുകൊടുക്കും.

ഇന്ത്യയിലെ സ്മാര്‍ട്ടപ്പുകളടക്കമുള്ള സംരംഭകര്‍ക്ക് ഈ അവസരം നല്‍കും. ഉത്പാദനശാല ഇന്ത്യയിലാകണമെന്നില്ല. ഇന്‍കുബേഷന്‍ രീതിയാണ് കമ്പനി സ്വീകരിക്കുന്നത്. പ്ലാന്റ് പ്രൊട്ടീന്‍ സംരംഭത്തില്‍ ബീറ്റാ ഗ്രൂപ്പിനു നിയന്ത്രണമുണ്ടാകില്ല. മൂലധനനിക്ഷേപം ലഭിക്കാനും മാര്‍ക്കറ്റിംഗിനും സഹായം, ആവശ്യമെങ്കില്‍ ചെറിയ ഓഹരിപങ്കാളിത്തം എന്നിവയാണുദ്ദേശിക്കുന്നത്.

ഇന്ത്യന്‍ കായികവിനോദങ്ങളും യോഗയും ലോകമെങ്ങും പ്രചരിപ്പിക്കാനും ഇതേ രീതിയില്‍ സംരംഭങ്ങള്‍ക്ക് അവസരം നല്‍കും. യോഗയും കബഡിയുമാണ്ആദ്യഘട്ടം.

 

TAGS: Beta Group |