ടോള്‍ പിരിവില്‍ തെറ്റുണ്ടായാല്‍ ഉടന്‍ റീഫണ്ടുമായി വീല്‍സ് ഐ

Posted on: December 30, 2020

കൊച്ചി: ടോള്‍ പിരിവില്‍ തെറ്റുപറ്റിയാലും ഇരട്ടിപ്പ് ഉണ്ടായാലും ഉടന്‍തന്നെ ഓട്ടോ റീഫണ്ട് സാധ്യമാക്കുന്ന ഫാസ്റ്റാഗ് മാനേജ്‌മെന്റ് സംവിധാനം ലോജിസ്റ്റിക് സ്റ്റാര്‍ട്ട്-അപ്പ് ആയ വീല്‍സ് ഐ അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുതിയ സംവിധാനം തെറ്റായ ടോള്‍ പിരിവുകള്‍ സ്വയം കണ്ടെത്തുകയും മൂന്നു മുതല്‍ ഏഴു ദിവസത്തിനുള്ളില്‍ റീഫണ്ട് ലഭ്യമാക്കുകയും ചെയ്യും. നേരത്തെ ഇതിന് 30 ദിവസം വരെ വേണ്ടിയിരുന്നു.

ദിവസംതോറും ഉള്ള ഫാസ്റ്റാഗ് പിരിവ് ഏതാണ്ട് 70 കോടി രൂപയാണ്. അതില്‍ ഏകദേശം 60 കോടി വാണിജ്യ വാഹന ഉടമകളില്‍നിന്നാണ്. അഞ്ചു ലക്ഷത്തിലേറെ ഫാസ്റ്റാഗ് ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയില്‍ ഏതാണ്ട് മൂന്നു ശതമാനം ടോള്‍ പിരിവും തെറ്റാണെന്നു തെളിഞ്ഞിട്ടുണ്ട്. സ്വയം തിരിച്ചടവ് സാധ്യമാക്കുന്ന സേവനം ലക്ഷ്യമിടുന്നത് ദിവസംതോറും രണ്ടുകോടി രൂപയുടെ തെറ്റായ ഇടപാട് തിരുത്താനാണ്.