വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 2020 : യുവ വനിതാ സംരംഭകരുമായി അനുഭവങ്ങള്‍ പങ്കുവച്ച് ടിസിഎസ് ആഗോള വനിതാ നേതാക്കള്‍

Posted on: November 28, 2020

 

കൊച്ചി : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് 2020യില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍നിന്നുള്ള ആഗോള വനിതാ നേതാക്കള്‍ യുവ വനിതാ സംരംഭകരോട് പ്രചോദനാത്മകമായ അനുഭവങ്ങള്‍ പങ്കുവച്ചു. ആശയങ്ങള്‍ നൂതനകാര്യങ്ങളായി മാറ്റിയെടുക്കുന്നതിനും ഉപയോക്തൃ കേന്ദ്രീകൃതമായ ബിസിനസ് വളര്‍ത്തിയെടുക്കുന്നതിനും വിദൂരത്താണെങ്കിലുംപോലും ഇഴയടുപ്പമുള്ള സംഘമായി ജോലി ചെയ്യുന്നതിനും വൈവിധ്യത്തെ ആദരിച്ച് വണ്‍ടിസിഎസ് എന്ന സങ്കല്‍പ്പത്തിന് അനുഗുണമായ രീതിയില്‍ മുന്‍നിരയിലേക്കെത്തുന്നതിനെക്കുറിച്ചും അവര്‍ സംസാരിച്ചു. സാങ്കേതികവിദ്യ, ബിസിനസ്, ലക്ഷ്യം എന്നിവയില്‍ തനിമ എങ്ങനെ സൂക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ടിസിഎസിന്റെ വനിതാ നേതാക്കള്‍.

തടസങ്ങള്‍ മറികടന്ന് കടന്ന് സാങ്കേതികസംരംഭങ്ങളില്‍ വനിതകള്‍ മുന്നോട്ടുവരേണ്ടതിനെക്കുറിച്ച് നടത്തിയ വൈഹാക്ക്-ഇന്നവേറ്റ്‌ഹെര്‍ പാനല്‍ ചര്‍ച്ചയില്‍ ടിസിഎസ് ഡാറ്റ സര്‍വീസസ് ഓഫ് അനലറ്റിക്‌സ് ആന്‍ഡ് ഇന്‍സൈറ്റ്‌സ് യൂണിറ്റിലെ കോയിന്‍ ആന്‍ഡ് പാര്‍ട്ണര്‍ ഇക്കോസിസ്റ്റം കോംപിറ്റന്‍സി ഡവലപ്‌മെന്റ് മേധാവി സുജാത മാധവ് ചന്ദ്രന്‍ മോഡറേറ്ററായിരുന്നു.

ഉത്കര്‍ഷേച്ഛയുള്ള ബിസിനസ് കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച് ടിസിഎസ് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ യൂണിറ്റിന്റെ ഇന്‍കുബേഷന്‍ ഫംഗ്ഷന്‍ ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ അനിത നന്ദികര്‍ സംസാരിച്ചു. കേരളത്തിലുള്ള റാപിഡ് പ്രോട്ടോടൈപ്പിംഗ് ലാബ് ഉപയോഗപ്പെടുത്തി 100 മില്യണ്‍ ഡോളര്‍ വരെയുള്ള സംരംഭങ്ങള്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ച് അവര്‍ വിശദമാക്കി.

പുതുമയും സ്വാധീനിക്കാന്‍ സാധിക്കുന്ന നൂതനത്വവുമാണ് മികച്ച ആശയങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴുള്ള രണ്ട് പ്രധാന കാര്യങ്ങള്‍. ആശയം നടപ്പാക്കുന്നതിനുള്ള പ്രായോഗികതയും ഉത്പാദനഘട്ടത്തില്‍ വിപുലപ്പെടുത്താനുള്ള സാധ്യതകളുംകൂടി പരിഗണിക്കണം.

ഒരു കരിയര്‍ ആരംഭിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ടിസിഎസ് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ യൂണിറ്റിന്റെ ഇന്‍കുബേഷന്‍ ഫംങ്ഷന്‍ ആഗോള മേധാവിയും വൈസ് പ്രസിഡന്റുമായ ബൃന്ദ റാണി പറഞ്ഞു. ചതിക്കുഴികളല്ല അവസരങ്ങളാണ് ചുറ്റുമുള്ളതെന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. നിങ്ങള്‍ക്കുവേണ്ടി പ്രസാദാത്മകമായ ബ്രാന്‍ഡ് കെട്ടിപ്പടുക്കണമെന്നും യാത്ര തുടങ്ങുന്നുവെന്നതുതന്നെ ധീരമായ ചുവടുവയ്പാണെന്ന് അവര്‍ പറഞ്ഞു. സവിശേഷമായി നിലനില്‍ക്കുകയും സ്വന്തം ശബ്ദം രൂപപ്പെടുത്തുകയും എത്തേണ്ടിടത്തേയ്ക്കുള്ള വഴിയൊരുക്കുകയും ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

വ്യക്തതയോടെയും ദൃഢവിശ്വാസത്തോടെയും സാങ്കേതികരംഗത്തെ കരിയറിന് തുടക്കമിടണം. ഇതിനായുള്ള പാഷന്‍ തന്നെ മികച്ച തുടക്കമാണ്. നിങ്ങള്‍ക്ക് കഴിയുമെന്നത് തെളിയിക്കാനായി മുഴുവന്‍ ശക്തിയും ഉപയോഗപ്പെടുത്തുക എന്നതിലാണ് കാര്യമെന്ന് ബൃന്ദ പറഞ്ഞു.

ടിസിഎസിലെ ബിസിനസ് അനലിസ്റ്റ് പദവിയില്‍നിന്ന് അമേരിക്കാസ്, ട്രാവല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹോസ്പിറ്റാലിറ്റി വൈസ് പ്രസിഡന്റായും മേധാവിയായും ഉയര്‍ന്നുവന്നതിനെക്കുറിച്ച് സൗമ്യ രാജഗോപാലന്‍ വിശദമാക്കി. വൈവിധ്യമാര്‍ന്ന വഴികളാണ് ടിസിഎസിലും വ്യാപാരരംഗത്തുമുള്ളതെന്നും വൈവിധ്യമാര്‍ന്ന കഴിവുകളും പ്രാവീണ്യവും ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. വിശ്വാസ്യതയാര്‍ന്ന ബിസിനസ് അഡൈ്വസറായ സൗമ്യ പ്രവര്‍ത്തനരംഗമോ സാങ്കേതികവിദ്യയോ തെരഞ്ഞെടുക്കുന്നത് പ്രധാനപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി.

സംരംഭകരാകുമ്പോള്‍ സംഘത്തെ നയിക്കാനും അവരിലൊരാളായി മാറാനും സാധിക്കണമെന്നത് പ്രധാനമാണ്. നമ്മെ പിന്തുടരുന്നവരെയല്ല നമ്മേക്കാള്‍ മിടുക്കരായ ആളുകളെ തെരഞ്ഞെടുക്കുന്നതാണ് ശരിയായ വഴിയെന്ന് സൗമ്യ പറഞ്ഞു.

എല്ലാ സംഘങ്ങളും അവസരങ്ങള്‍ക്കായി സംഭാവന നല്കുകയും ഗുണങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും തീരുമാനങ്ങളിലെടുക്കുന്നതില്‍ പങ്കാളികളാകുകയും ചെയ്യണമെന്ന് ടിസിഎസ് സീനിയര്‍ മാനേജരും ഓന്ത്രപ്രണര്‍ഷിപ്പ്, ഇന്‍ക്ലൂസീവ് ഡവലപ്‌മെന്റ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ലീഡുമായ കോമള്‍ റാണ പറഞ്ഞു. വനിതകള്‍ക്കും യുവാക്കള്‍ക്കും പരിമിത സംഘങ്ങള്‍ക്കും ഡിജിറ്റല്‍ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിലാണ് കോമളും സംഘവും.