കാർഷികോത്പന്നങ്ങൾ വാങ്ങാനും വിൽക്കാനും സുഭിക്ഷ കെഎസ്ഡി ആപ്പ്

Posted on: September 19, 2020

കാസര്‍ഗോഡ് : കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന നാടന്‍ കാര്‍ഷിക വിളകളും ഭക്ഷ്യോത്പന്നങ്ങളും ഇടനിലക്കാരില്ലാതെ ഉപഭോക്താവിലേക്ക് എത്തിക്കുന്നതിന് വേണ്ടി സുഭിക്ഷ കെഎസ്ഡി എന്ന പേരില്‍ മൊബൈല്‍ ആപ്പുമായി ജില്ലാഭരണകുടം. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ രണ്ട് ലക്ഷം രൂപ ധനസഹായത്തോടെ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഭാഗമായ ഫൈനെസ്റ്റ് ഇന്നവേഷനാണ് ആപ്പ് രൂപ കല്പന ചെയ്തത്.

കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനും ഉപഭോക്താവിന് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കുന്നതിന് ഈആപ്പ് സഹായിക്കും. കര്‍ഷകയും ഉപഭോക്താവിനെയും ആ വഴി നേരിട്ട് ബന്ധിപ്പിക്കുന്ന ഇത്തരം ഒരു സംവിധാനം ഇന്ത്യയില്‍ തന്നെ നടപ്പാക്കുന്നത് ആദ്യമായിട്ടാണ് . കര്‍ഷകനും ഉപയോക്താവിനും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപ്പ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത്ഉപയോഗിക്കാം. പേര്, പിന്‍കോഡ്, സ്ഥലം , അടക്കമുള്ള വിവരങ്ങള്‍ ഗുണഭോക്താവ് ആപ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഉത്പന്നങ്ങള്‍ വില്‍ക്കാണെങ്കില്‍, വില്‍ക്കുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പഴം, പച്ചക്കറി, ധാന്യം മറ്റുള്ളവ എന്നിവയില്‍ നിന്ന് വിഭാഗം സെലക്ട് ചെയ്ത് വില്‍ക്കാനുള്ള സാധനത്തിന്റെ തൂക്കവും മാര്ഡക്കറ്റ് വിലയും വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വിലയും നല്‍കണം.

തുടര്‍ന്ന് ഉത്പന്നത്തിന്റെ പടം കൂടി നല്‍കിയാല്‍ നടപടി പൂര്‍ത്തിയായി. ഉത്പന്നം വാങ്ങാനാണെങ്കില്‍ വാങ്ങുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സമീപപ്രദേശത്ത് നിന്ന് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഉത്പന്നങ്ങള്‍ കാണാന്‍ സാധിക്കും. ഉത്പന്നം വാങ്ങാന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഉത്പാദിപ്പിച്ച കര്‍ഷകനുമായി ബന്ധപ്പെടാന്‍ വാട്‌സ് ആപ്പ് സൗകര്യവും ഫോണ്‍വഴി സംസാരിക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. ജില്ലാ കളക്ടര്‍ ഡി. സജിത് ബാബുവിന്റെ ക്യാമ്പ് ഹൗസിലെ പപ്പായ ആപ്പ് വഴി ആദ്യ വില്‍്പ്പനയ്ക്ക് കളക്ടര്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സി. ബഷീര്‍ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത് ക്യാമ്പ് ഹൗസിലെത്തി പപ്പായ ഏറ്റുവാങ്ങിയാണ് ആപ്പ് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.

TAGS: Subhiksha KSD |