വാട്‌സാപ്പ് വഴി കോവിഡ് ട്രേസിംഗുമായി ഓഫോ ബുക്ക്

Posted on: September 14, 2020

 

കൊച്ചി: ഇന്ത്യയിലുടനീളം ഒറ്റ ഫോണ്‍നമ്പര്‍കൊണ്ട് എളുപ്പത്തില്‍ കോവിഡ് ട്രേസിംഗ് സാധ്യമാക്കുകയാണ് ഓഫോ ബുക്ക്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് പൊതുസ്ഥലങ്ങളിലും കടകളിലും എത്തുന്നവരെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഈ ആശയത്തിന്റെ പിന്നില്‍.

മിക്ക കടകളിലും വരുന്നവരെല്ലാം ഒരേ പേനയും പുസ്തകവുമാണ് സ്പര്‍ശിക്കുന്നത്. ഇത് കോവിഡ് പകര്‍ച്ചയ്ക്കു കാരണമാകാം. ഈ അവസ്ഥ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഓഫോ ബുക്ക് ലോഞ്ച് ചെയ്തിരിക്കുന്നത്.

സ്ഥാപനത്തിനു പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന മൂന്നക്ക കോഡ് 9744175735 എന്ന നമ്പറിലേക്ക് വാട്സാപ്പ് അയക്കുന്നതോടെ വ്യക്തിയുടെ പേരും ഫോണ്‍ നമ്പറും സമയവും തീയതിയും സ്ഥാപനത്തിന്റെ സോഫ്റ്റ്വേറില്‍ രേഖപ്പെടുത്തും.

ഓരോ കടകള്‍ക്കും വ്യത്യസ്ത കോഡായിരിക്കും. ഇന്ത്യയിലുള്ള ഏതു സ്ഥലത്ത് ചെന്നാലും ഈ നമ്പറില്‍ത്തന്നെ സന്ദേശമയയ്ക്കാം. ഒരിക്കല്‍ മാത്രം വാട്സാപ്പ് നമ്പര്‍ സേവ് ചെയ്താല്‍ മതിയാകും.

ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്യുന്ന പദ്ധതികള്‍ നിലവിലുണ്ടെങ്കിലും അതിന് സ്‌കാന്‍ ചെയ്യുന്ന ആപ്പ് ആവശ്യമാണ്. എന്നാല്‍, ഇതിന് വാട്‌സാപ്പ് മാത്രം മതിയെന്ന് സ്റ്റാര്‍ട്ടപ്പ് സംഘാംഗം അരവിന്ദ് മംഗലശ്ശേരി പറയുന്നു.

ഡേറ്റാ പ്രൊട്ടക്ഷന്‍ പോളിസി പ്രകാരമാണ് ഓഫോ ബുക്ക് ലോഞ്ച് ചെയ്തിരിക്കുന്നത്. അതിനാല്‍ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും അരവിന്ദ് പറഞ്ഞു.