രൂപകല്‍പ്പനയ്ക്കുള്ള മികവിന്റെ കേന്ദ്രം അടുത്ത സാമ്പത്തിക വര്‍ഷം കൊച്ചിയില്‍

Posted on: December 2, 2019


കൊച്ചി: രൂപകല്‍പ്പനയ്ക്കായുള്ള മികവിന്റെ കേന്ദ്രം(സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഡിസൈന്‍) അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചിയില്‍ ആരംഭിക്കും. ലോകത്തിലെ പ്രധാനപ്പെട്ട ഡിസൈന്‍ കമ്പനികളുടെ നേരിട്ടുള്ള സാന്നിദ്ധ്യത്തോടൊപ്പം ഈ രംഗത്തെ പ്രൊഫണലുകള്‍ക്കും സംരംഭങ്ങള്‍ക്കും ഇന്‍കുബേറ്റ് ചെയ്യാനുള്ള സൗകര്യവും കേന്ദ്രത്തിലുണ്ടാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കളമശ്ശേരിയില്‍ സ്ഥിതി ചെയ്യുന്ന ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സിലാണ് മികവിന്റെ കേന്ദ്രം തുടങ്ങുന്നത്.

ഡിസംബര്‍ 12, 13, 14 തിയതികളില്‍ കൊച്ചിയില്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍ ഉച്ചകോടിയിലെത്തുന്ന അന്താരാഷ്ട്ര വിദഗ്ധരെ മികവിന്റെ കേന്ദ്രവുമായി സഹകരിപ്പിക്കുമെന്ന് ഡിസൈന്‍ വീക്കിന്റെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഹാര്‍ഡ് വെയര്‍ കമ്പനികള്‍ക്ക് മേക്കര്‍വില്ലേജും പോലെ ഡിസൈന്‍ കമ്പനികള്‍ക്കുള്ള ഇന്‍കുബേഷന്‍ സംവിധാനമടക്കമായിരിക്കും സെന്റര്‍ ഓഫ് എക്‌സലന്‍സ് എന്ന് അരുണ്‍ പറഞ്ഞു. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ 10,000 ചതുരശ്ര അടി സ്ഥലത്താണ് മികവിന്റെ കേന്ദ്രം തുടങ്ങുന്നത്.

രൂപകല്‍പ്പനയുടെ മാതൃക നിര്‍മ്മിക്കുന്നതിനു വേണ്ടിയുള്ള എല്ലാ അത്യാധുനിക ഉപകരണങ്ങളും കേന്ദ്രത്തിലുണ്ടാകും. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പ്രൊഫഷണലുകള്‍ക്ക് കേരളത്തിലെത്തി തങ്ങളുടെ ഉത്പന്നം രൂപകല്‍പ്പന ചെയ്ത് അതിന്റെ മാതൃക നിര്‍മ്മിച്ച് വിലയിരുത്താനുള്ള വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്.

കഴിഞ്ഞ കൊല്ലം നടന്ന ഡിസൈന്‍ വീക്കിലെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് തോന്നി സിലിക്കണ്‍വാലിയിലെ പ്രമുഖ ഉത്പന്ന രൂപകല്‍പ്പന കമ്പനിയായ ലൂമിയം ഡിസൈന്‍ കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതേ മാതൃകയില്‍ സാമൂഹ്യമാധ്യമ രംഗത്തെ ആഗോള ഭീമ?ാരുള്‍പ്പെടെ മികവിന്റെ കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ താത്പര്യം അറിയിച്ചിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.