സംരംഭകപ്രിയരെ തേടി സ്റ്റാര്‍ട്ടപ് യാത്ര

Posted on: November 16, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ ഇടത്തരം, ചെറുകിട പട്ടണങ്ങളില്‍ സംരംഭക താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും കൈപിടിച്ചുകയറ്റുന്നതിനും കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്‌യുഎം) സ്റ്റാര്‍ട്ടപ് ഇന്ത്യയുമായി സഹകരിച്ച് നടത്തുന്ന സ്റ്റാര്‍ട്ടപ് യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഇലക്‌ട്രോണിക്‌സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, സ്റ്റാര്‍ട്ടപ് ഇന്ത്യ പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഒരു മാസം നീളുന്ന യാത്ര സംസ്ഥാനത്തെ നഗര ഗ്രാമപ്രദേശങ്ങളിലൂടെ ആയിരം കിലോമീറ്റര്‍ താണ്ടി കാസര്‍കോട്ട് എത്തുന്നതിനിടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തും. യാത്രയുടെ ഗ്രാന്‍ഡ് ഫിനാലെക്ക് നവംബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരം പാര്‍ക്ക് സെന്റര്‍ വേദിയാകും.

സംരംഭകരാകാന്‍ താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും അവരുടെ ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും പ്രമുഖ സ്ഥാപനങ്ങളില്‍നിന്ന് മാര്‍ഗനിര്‍ദേശവും ഇന്‍കുബേഷനും ലഭ്യമാക്കുകയാണ് സ്റ്റാര്‍ട്ടപ് യാത്രയുടെ ലക്ഷ്യമെന്ന് ഇലക്‌ട്രോണിക്‌സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍ പറഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ നവംബര്‍ 3ന് നടക്കുന്ന ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ ഉച്ചകോടി 2018 (ഐഇഡിസി) ആണ് സ്റ്റാര്‍ട്ടപ് യാത്രയുടെ ശ്രദ്ധാകേന്ദ്രം. സംരംഭക പ്രിയരെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന ഉച്ചകോടിക്ക് അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളജ് വേദിയാകും.

എട്ട് ബൂട്ട് ക്യാംപുകളും 14 വാന്‍ സ്റ്റോപ്പുകളും ഉള്‍പ്പെടുത്തി രണ്ടു തരത്തിലാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സംരംഭകത്വത്തെക്കുറിച്ച് അറിവു പകരാനായി ആശയാധിഷ്ഠിത ശില്‍പശാലകളും ആശയ പിച്ചിംഗ് വെഷനുകളും ബൂട്ട് ക്യാംപിന്റെ ഭാഗമായി നടത്തും. സംരംഭക പ്രിയര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ വിദഗ്ധ സമിതിക്കു മുന്നില്‍ അവതരിപ്പിക്കാം. മികച്ച ആശയദാതാക്കള്‍ക്ക് ദ്വിദിന ആക്‌സിലറേഷന്‍ പരിപാടയില്‍ മുന്‍നിര ഇന്‍കുബേറ്ററിനൊപ്പം പങ്കെടുക്കാം. ചുരുക്കപ്പട്ടികയില്‍ ഇടം നേടുന്ന ആശയദാതാക്കള്‍ക്ക് ഇന്‍കുബേറ്ററുകളുടെ ഓഫറുകളും യാത്രയില്‍നിന്നു ലഭിക്കുന്ന മികച്ച ആശയങ്ങള്‍ക്കായി പത്തു ലക്ഷം രൂപ സമ്മാനവും നല്‍കുന്നുണ്ട്.

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളേജ്, പാല സെന്റ് ജോസഫ്‌സ് കോളേജ്, എറണാകുളം സെന്റ് തെരേസാസ് കോളേജ്, തൃശൂര്‍ സഹൃദയ കോളേജ്, കോഴിക്കോട് എന്‍ഐടി, വയനാട്ടിലെ മീനങ്ങാടി പോളിടെക്‌നിക് , കാസര്‍കോട് എല്‍ബിഎസ് കോളേജ് എന്നിവിടങ്ങളാണ് ബൂട്ട് ക്യാംപിന് വേദിയാകുക.