ജങ്ക് ബോട്ടിന്റെ റോബോട്ടിക്ക് കിറ്റ് ദുബായിൽ സൂപ്പർ ഹിറ്റ്

Posted on: October 16, 2015

Junkbot-Team-Big-a

ആറ് സുഹൃത്തുക്കൾ. എല്ലാവരും 24 വയസ്സ് മുതൽ 28 വയസ് വരെ പ്രായമുള്ളവർ. ദുബായിൽ ഇവർ ഒത്ത് ചേർന്നപ്പോൾ രൂപപ്പെട്ടത് ഒരു കമ്പനി –  ജങ്ക് ബോട്ട്. ജങ്ക്‌ബോട്ട് വെറുമൊരു കമ്പനിയല്ല. ഡു ഇറ്റ് യുവർസെൽഫ് റോബോട്ടിക്ക് കിറ്റ് നിർമ്മിക്കുകയാണ് ഇവർ.

ചങ്ങാതിവട്ട കമ്പനി

കാസർഗോഡ് സ്വദേശികളായ നാല് പേരും പാലക്കാട് സ്വദേശിയായ ഒരാളും ആന്ധ്രപ്രദേശിൽ നിന്നുള്ളയാളും ചേർന്നാൽ ഈ കമ്പനിയായി. കാസർഗോഡ് സ്വദേശിയായ എഹ്ത്തിഷാം ആണ് സിഇഒ കാസർഗോഡ് സ്വദേശികളായ സമദ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും സിനാൻ ചീഫ് ടെക്‌നോളജി ഓഫീസറുമാണ്. തരുൺ ആണ് ചീഫ് സോഫ്റ്റ്‌വേർ ആർകിടെക്റ്റ്. പാലക്കാട് സ്വദേശിയാണ് ഈ യുവാവ്. ആന്ധ്രപ്രദേശിൽ നിന്നുള്ള രാജീവ് റോബോട്ടിസ്റ്റാണ്. ചീഫ് ഹാർഡ്‌വേർ എൻജിനീയർ. കാസർഗോഡ് നിന്നുള്ള സുഹൈലാണ് ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് നിങ്ങളുടെ ആശയങ്ങൾക്കനുസരിച്ച് റോബോട്ട് ഉണ്ടാക്കാമെന്നാണ് ഈ സുഹൃദ് സംഘം പറയുന്നത്. ഉപയോഗ ശൂന്യമായ ഷൂ ഇനി കളയേണ്ട. ഒരു റോബോട്ടിക്ക് കാറാക്കി മാറ്റാം അതിനെ. സിഡികളും ഐസ്‌ക്രീം സ്റ്റിക്കുകളും ഉപയോഗിച്ച് ക്രേസി റോബോട്ടിനെ നിർമ്മിക്കാം. അതുമല്ലെങ്കിൽ വാട്ടർ ബോട്ടിലിൽ നിന്ന് പെറ്റ് ഫീഡർ…. നിങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഏത് തരം റോബോട്ടുകളും ഉണ്ടാക്കൂ. അതിനുള്ള കിറ്റ് ഞങ്ങൾ തരാം എന്ന് ഇവർ.

Junkbot-Shoe-Bot

അഞ്ച് വയസ്സ് മുതലുള്ള കുട്ടികൾക്ക് ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് ഉണ്ടാക്കുന്ന റോബൊട്ടിക് കിറ്റാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്. കുട്ടികളുടെ ചിന്താശക്തിയും ശാസ്ത്ര ആഭിമുഖ്യവും വർധിപ്പിക്കാൻ തങ്ങളുടെ റോബോട്ടിക് കിറ്റുകൾ സഹായകരമാകുമെന്ന് ഇവർ വ്യക്തമാക്കുന്നു.

ദുബായിലാണ് ജങ്ക് ബോട്ട് എന്ന പേരിൽ കമ്പനി ആരംഭിച്ചിട്ടുള്ളത്. അധികം വൈകാതെ ഇവരുടെ ഡു ഇറ്റ് യുവർ സെൽഫ് റോബോട്ടിക് കിറ്റുകൾ വിപണിയിലെത്തും. മൂന്ന് തരത്തിലുള്ള ജങ്ക്‌ബോട്ട് കിറ്റുകളാണ് ഇവർ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത്. പ്രീ പ്രോഗ്രാമ്ഡ്. പ്രോഗ്രാമബിൾ, ഡ്രോൺ ബേസ് കിറ്റുകളാണിവ. ക്രേസി റോബോട്ട്. ലൈൻ ട്രാക്കർ. ഒബ്സ്റ്റക്കിൾ ഐഡന്റിഫയർ തുടങ്ങിയ റോബോട്ടുകൾ പ്രീ പ്രോഗ്രാമ്ഡ് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിക്കാം. പെറ്റ് ഫീഡർ, വാക്വം ക്ലീൻ ചെയ്യുന്ന റോബോട്ട്. വാതിൽ തുറന്നാൽ അലേർട്ട് നൽകുന്നവ തുടങ്ങി വ്യത്യസ്തതരം റോബോട്ടുകളാണ് പ്രോഗ്രാമബിൾ കിറ്റുകൾ ഉപയോഗിച്ച് തയ്യാറാക്കുന്നവ.

പറക്കുന്ന റോബോട്ടുകളാണ് ഡ്രോൺ കിറ്റുകളുടെ പ്രത്യേകത. പ്രീ പ്രോഗ്രാം കിറ്റിന് നൂറ് ഡോളറാണ് വില. പ്രോഗ്രമബിൾ. ഡ്രോൺ കിറ്റുകൾക്ക് 150 ഡോളർ വീതവും. എസി, ടിവി റിമോട്ടുകൾ ഉപയോഗിച്ച് ഈ റോബോട്ടുകളെ നിയന്ത്രിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പ്രത്യേക മൊബൈൽ ആപ്പും ഇവർ പുറത്തിറക്കുന്നുണ്ട്. ഇതുപയോഗിച്ച് ഡ്രോൾ റോബോട്ടുകളെ നിയന്ത്രിക്കാനുമാവും. ഡ്രോണുകളുടെ പറക്കലുകൾ മൊബൈൽ ആപ്പിലൂടെ വിരലോടിക്കുന്നതിലൂടെ സാധ്യമാകും.

പിന്നാമ്പുറം

ചങ്ങാതിവട്ടങ്ങളുടെ ഇരിപ്പിലാണ് ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്ന് റോബോട്ട് എന്ന ആശയം ഉരുത്തിരിയുന്നത്. എന്തും റോബോട്ടാക്കി മാറ്റാമെന്ന് റോബോട്ടിസ്റ്റായ രാജീവ് പറഞ്ഞതോടെ. എന്നാൽ എന്തുകൊണ്ട് നമുക്ക് അതുവഴി ചിന്തച്ചുകൂടാ എന്നായി. അങ്ങനെയാണ് ഡു ഇറ്റ് യുവർ സെൽഫ് കിറ്റ് എന്ന ആശയത്തിൽ സംഘം എത്തിയത്. പിന്നീട് ഇത് പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങളായിരുന്നു. ഈ ആശയം മുന്നോട്ട് വച്ചതോടെ ദുബായിലെ ഡിപി വേൾഡ് സാമ്പത്തിക സഹായവുമായി വന്നു.

അങ്ങനെ സജീവമായി മുന്നോട്ട്. പിന്നീട് കിറ്റ് ഡിസൈനിംഗിനായി ശ്രമം. അതും കൃത്യമായി പൂർത്തിയാക്കി. ഗവൺമെന്റിൽ നിന്നുള്ള ഗ്രാന്റ് കൂടി ആയതോടെ ഈ യുവാക്കൾ പൂർണ്ണമായും പ്രവർത്തന സജ്ജമാവുകയായിരുന്നു. ബ്രിട്ടീഷ് വെർജിൻ ഐലന്റിൽ ഇപ്പോൾ കമ്പനി രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. ഈ കമ്പനിയിൽ ഡിപി വേൾഡിന് പത്ത് ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.

നവംബറിന്റെ ലാഭം

നവംബർ മുതൽ ക്രൗഡ് ഫണ്ടിംഗിലൂടെ ജങ്ക് ബോട്ട് കിറ്റുകൾ പുറത്തിറക്കാനാണ് യുവാക്കളുടെ ശ്രമം. നവംബർ മധ്യത്തിൽ ഇത് ആരംഭിക്കും.  ഓൺലൈൻ വഴി റോബോട്ടിക് കിറ്റുകൾ വിൽക്കാനാണ് തീരുമാനം. ഇതിനോടകം തന്നെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് ധാരാളം ഓർഡറുകൾ ഇവർക്ക് ലഭിച്ചു കഴിഞ്ഞു. ദുബായ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി അധികൃതരുമായി അവസാന വട്ട ചർച്ചയും പുരോഗമിക്കുന്നു.

തായ്‌വാൻ, ചൈന എന്നിവിടങ്ങളിലായിരിക്കും റോബോട്ടിക് കിറ്റുകൾ നിർമ്മിക്കുക. കുട്ടികളുടെ ചിന്താശേഷി വർദ്ധിപ്പിച്ച് ശാസ്ത്രത്തിൽ കൂടുതൽ കൗതുകവും താത്പര്യവും ഉണ്ടാക്കാൻ ഇത്തരം കിറ്റുകൾക്ക് സാധിക്കുമെന്ന് ഇവർ പറയുന്നു.

Junkbot-Team-Big-b

ഭാവി പരിപാടികൾ

വിപുലമായ ഭാവി പരിപാടികളാണ് ഈ യുവാക്കൾ സ്വപ്നം കാണുന്നത്. ഒരു വർഷം കൊണ്ട് 20,000 കിറ്റുകൾ പുറത്തിറക്കുക എന്നതാണ് ലക്ഷ്യം. പിന്നെ ഓരോ വർഷവും വിൽപ്പന പടിപടിയായി ഉയർത്തും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള വിൽപ്പനയാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിടുന്നത്. അതിന് ശേഷം റീട്ടെയ്ൽ വിൽപ്പനയിലേക്ക് തിരിയും. എഹ്ത്തിഷാം ഭാവി പരിപാടികൾ വിവരിക്കുന്നത് ഇങ്ങനെ.

ആർക്കും ആശയങ്ങൾ പങ്കുവയ്ക്കാൻ ഒരു കോമൺ പ്ലാറ്റ് ഫോം ഉണ്ടാക്കാനും ഈ ചങ്ങാതികൾക്ക് പദ്ധതിയുണ്ട്. ഇതിലൂടെ ആർക്കും മികച്ച ആശയങ്ങൾ പങ്ക് വയ്ക്കാം. അത് പ്രാവർത്തികമാക്കുകയാണെങ്കിൽ ആശയം പങ്കുവച്ചയാൾക്ക് കൃത്യമായ റോയൽറ്റി നൽകും. അങ്ങിനെ ഡു ഇറ്റ് യുവർ സെൽഫ് റോബോട്ടിക് കിറ്റ് മേഖലയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാമെന്ന് ഇവർ വിശ്വസിക്കുന്നു. ആർജ്ജവവും കൃത്യമായ ദിശാബോധവും ഉണ്ടെങ്കിൽ ഏത് ആശയവും പ്രാവർത്തികമാക്കാമെന്ന് ഈ യുവാക്കൾ തെളിയിക്കുകയാണ്.

സഹൽ സൈനുദ്ദീൻ