കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ : പ്രതിരോധശേഷി കൂട്ടാന്‍ കടല്‍പായല്‍ ഉത്പന്നവുമായി സിഎംഎഫ്ആര്‍ഐ

Posted on: July 25, 2023

കൊച്ചി : കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുള്ളവരില്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കടല്‍പായലില്‍ നിന്നും പ്രകൃതിദത്ത ഉത്പന്നവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). സാര്‍സ് കോവി-2 ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാനുള്ള ആന്റി വൈറല്‍ ഗുണങ്ങളും ഈ ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പ്പന്നത്തിനുണ്ട്. കടല്‍പായലുകളില്‍ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്ടീവ് സംയുക്തങ്ങള്‍ ഉപയോഗിച്ചാണ് കടല്‍മീന്‍ ഇമ്യുണോആല്‍ഗിന്‍ എക്സട്രാക്റ്റ് എന്ന് പേരുള്ള ഉത്പ്പന്നം നിര്‍മിച്ചിരിക്കുന്നത്.

പൂര്‍ണമായും പ്രകൃതിദത്ത ചേരുവകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഉത്പ്പന്നത്തിന് യാതൊരുവിധ പാര്‍ശ്വഫലങ്ങളുമില്ലെന്നത് വിശദമായ പ്രി-ക്ലിനിക്കല്‍ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോടെക്നോളജി ഫിഷ് ന്യൂട്രീഷന്‍ ആന്റ് ഹെല്‍ത്ത് ഡിവിഷന്‍ മേധാവി ഡോ കാജല്‍ ചക്രവര്‍ത്തി പറഞ്ഞു.

സാര്‍സ് കോവി-2 ഡെല്‍റ്റ വകഭേദങ്ങള്‍ ബാധിച്ച കോശങ്ങളില്‍ വൈറസ്ബാധയുടെ വ്യാപ്തി കുറയക്കാനും അമിതമായ അളവിലുള്ള സൈറ്റോകൈന്‍ ഉത്പാദനം നിയന്ത്രിച്ച് പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും ഈ ഉത്പന്നം സഹായകരമാകുന്നതായി പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐ വികസിപ്പിക്കുന്ന പത്താമത്തെ ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നമാണിത്. മരുന്നായല്ല, ഭക്ഷ്യപൂരകങ്ങളായി ഉപയോഗിക്കുന്നവയാണ് ന്യൂട്രാസ്യൂട്ടിക്കല്‍ ഉത്പന്നങ്ങള്‍. നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തമസമര്‍ദം, തൈറോയിഡ്, ഫാറ്റിലിവര്‍ എന്നീ രോഗങ്ങളെ ചെറുക്കുന്നതിന് സിഎംഎഫ്ആര്‍ഐ കടല്‍പായലില്‍ നിന്നും ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചിരുന്നു.

ഈ ഉത്പന്നം വ്യാവസായികമായി നിര്‍മിക്കുന്നതിന്, മരുന്ന് നിര്‍മാണരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി, കടല്‍പായലില്‍ നിന്നും ആരോഗ്യസംരക്ഷണത്തിനുതകുന്ന കണ്ടെത്തലുകള്‍ക്കായി സിഎംഎഫ്ആര്‍ഐ പഠനം നടത്തിവരുന്നുണ്ട്. കൂടാതെ, കടല്‍പായല്‍ കൃഷി വ്യാപമാക്കുന്നതിനുള്ള പദ്ധതികളും നിലവിലുണ്ട്.

TAGS: CadalminTM IMe |