പോപ്പിക്കുട സ്ഥാപകൻ ടി.വി. സ്‌കറിയ അന്തരിച്ചു

Posted on: April 20, 2021

ആലപ്പുഴ : പോപ്പി അംബ്രല്ലാ മാര്‍ട്ട് സ്ഥാപകനും പോപ്പി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ടി.വി. സ്‌കറിയ (81) അന്തരിച്ചു. പതിന്നാലാം വയസ്സില്‍ പിതാവിനോടൊപ്പം സെയ്ന്റ് ജോര്‍ജ് കുടക്കമ്പനിയില്‍ പ്രവര്‍ത്തനം തുടങ്ങിയ അദ്ദേഹം സെയ്ന്റ് ജോര്‍ജ് ബേബി എന്നാണ് അറിയപ്പെട്ടിരുന്നത്.

1995-ല്‍ പോപ്പി അംബ്രല്ലാ മാര്‍ട്ട് സ്ഥാപിച്ച് കുടവിപണിയില്‍ വലിയ മാറ്റങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും തുടക്കമിട്ടു. 1979 മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് ഇന്‍സ്റ്റിറ്റിയൂഷന്റെ (ഐ.എസ്.ഐ.) കുട ഗുണനിലവാര നിയന്ത്രണക്കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, അതേവര്‍ഷംതന്നെ കമ്മിറ്റിയുടെ ചെയര്‍മാനായി നിയമിക്കപ്പെടുകയുംചെയ്തു. 2005-ല്‍ ഓള്‍ ഇന്ത്യ അംബ്രല്ലാ ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്.

രാജീവ്ഗാന്ധി ക്വാളിറ്റി പുരസ്‌കാരം, അക്ഷയ പുരസ്‌കാരം, എ.കെ.സി.സി. ശതാബ്ദി പുരസ്‌കാരം, 1998-ലെ ദീപിക ബിസിനസ്മാന്‍ ഓഫ് ദ ഇയര്‍ (കേരള) പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പാലാ പടിഞ്ഞാറേക്കര കുടുംബാംഗം തങ്കമ്മ ബേബി. മക്കള്‍: ഡെയ്‌സി ജേക്കബ്, ലാലി ആന്റോ, ഡേവിസ് തയ്യില്‍ (സി.ഇ.ഒ., പോപ്പി അംബ്രല്ലാ മാര്‍ട്ട്), ടി.എസ്. ജോസഫ് (പോപ്പി). മരുമക്കള്‍: മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്, ഡോ. ആന്റോ കള്ളിയത്ത്, സിസി ഡേവിസ്.