ഹരിദാസ് തെക്കുമുറിക്ക് അന്ത്യാഞ്ജലി

Posted on: March 25, 2021

ഗുരുവായൂര്‍ : ലണ്ടനിലെ ഹോട്ടല്‍ വ്യവസായി ഗുരുവായൂര്‍ പടിഞ്ഞാറെനടയില്‍ തെക്കുമുറി ഹരിദാസ് (72) ലണ്ടനില്‍ അന്തരിച്ചു. കൊല്ലം തേവള്ളി ഭാസ്‌കരന്‍ നായരുടെയും ഗുരുവായൂര്‍ തെക്കുമുറി തങ്കമ്മയുടെയും മകനാണ്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു.

ലണ്ടനിലെ കേരള ഗ്രൂപ്പ് ഓഫ് റെസ്റ്റോറന്റ്സ് ഉടമ, ലോക കേരളസഭയിലെ പ്രതിനിധി, ഒ.ഐ.സി.സി. യു.കെ. പ്രഥമ ദേശീയ പ്രസിഡന്റ്, ലോക കേരളസഭയെ നിയന്ത്രിക്കുന്ന സ്പീക്കേഴ്സ് ചെയര്‍ കമ്മിറ്റിയംഗം, ലണ്ടന്‍ ഹിന്ദു ഐക്യവേദി കോ-ഓര്‍ഡിനേറ്റര്‍, ലണ്ടനില്‍ ആധ്യാത്മിക-സാംസ്‌കാരിക പരിപാടികളുടെ മുഖ്യസംഘാടകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു.

1972-ല്‍ ആണ് തെക്കുമുറി ഹരിദാസ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ജോലിയില്‍ പ്രവേശിച്ചത്. ഓഫീസ്‌ജോലികള്‍ കഴിഞ്ഞുള്ള സമയം ഹോട്ടലുകളില്‍ ജോലിയെടുത്തു. ഇതിനിടയില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിച്ചത് വഴിത്തിരിവായി. ലണ്ടനിലെ ലയണസ് ഹോട്ടലില്‍ പാര്‍ട്ടൈം അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് മാനേജരായി.

ഹോട്ടല്‍ മേഖലയെപ്പറ്റി വ്യക്തമായ ധാരണകള്‍ ലഭിച്ചതോടെ ലണ്ടന്‍ ക്ലീവ് ലാന്‍ഡ് സ്ട്രീറ്റിലെ ശ്രീകൃഷ്ണ ഹോട്ടല്‍ ഏറ്റെടുത്തു നടത്തി. ഹോട്ടല്‍ ബിസിനസിലും ഹൈക്കമ്മിഷന്‍ ജോലിയിലും ഒരേസമയം തിളങ്ങാനായി. ലണ്ടനില്‍ മലയാളരുചി പരിചയപ്പെടുത്തിക്കൊണ്ട് പത്ത് ഹോട്ടലുകളുടെ ഉടമയുമായി.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 30 വര്‍ഷമായി വിഷുവിളക്ക് ഹരിദാസിന്റെ വകയാണ്. ഗുരുവായൂര്‍ ഏകാദശിയുടെ ഭാഗമായുള്ള ചെമ്പൈ സംഗീതോത്സവത്തിന്റെ ചെറുപതിപ്പ് ലണ്ടനിലും സംഘടിപ്പിക്കാറുണ്ട്. ഭാര്യ: ജയലത. മക്കള്‍: വൈശാഖ്, വിനോദ്, നിലേഷ്, നിഖില്‍. മരുമകള്‍: സ്മൃതി. ശവസംസ്‌കാരം ലണ്ടനില്‍.