മഹീന്ദ്ര ലോജിസ്റ്റിക്സ് ബോര്‍ഡ് ചെയര്‍മാനായി വി. എസ് പാര്‍ത്ഥസാരഥിയെ നിയമിച്ചു

Posted on: March 26, 2020


കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ തേര്‍ഡ് പാര്‍ട്ടി ലോജിസ്റ്റിക്സ് സൊല്യൂഷന്‍ ദാതാക്കളിലൊരാളായ മഹീന്ദ്ര ലോജിസ്റ്റിക്സ് ലിമിറ്റഡ് (എം.എല്‍.എല്‍) കമ്പനിയുടെ പുതിയ നോണ്‍ എക്സിക്യൂട്ടീവ് ഡയറക്ടറും ബോര്‍ഡ് ചെയര്‍മാനുമായി വി.എസ് പാര്‍ത്ഥസാരഥിയെ നിയമിച്ചു. തല്‍സ്ഥാനങ്ങളില്‍ നിന്ന് സൂബെന്‍ ഭിവാന്‍ദിവാല കഴിഞ്ഞ ദിവസം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം. മാര്‍ച്ച് 25 മുതല്‍ നിയമനം പ്രാബല്യത്തിലാവും.

2020 മാര്‍ച്ച് 31 വരെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഗ്രൂപ്പ് സി.എഫ്.ഒയും ഗ്രൂപ്പ് സി.ഐ.ഒയുമാണ് വി.എസ് പാര്‍ത്ഥസാരഥി. ഏപ്രില്‍ ഒന്നു മുതല്‍ മഹീന്ദ്ര ഗ്രൂപ്പിലെ പുതുതായി സൃഷ്ടിച്ച മൊബിലിറ്റി സേവന മേഖലയുടെ ചുമതല അദ്ദേഹം ഏറ്റെടുക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായ ഇദ്ദേഹം ലിസ്റ്റുചെയ്ത നിരവധി മഹീന്ദ്ര ഗ്രൂപ്പ് കമ്പനികളുടെ ബോര്‍ഡില്‍ അംഗവും സ്മാര്‍ട്ട്ഷിഫ്റ്റ് ലോജിസ്റ്റിക്സ് സൊല്യൂഷന്‍സിന്റെ ചെയര്‍മാനുമാണ്.

മാനേജ്മെന്റ് ട്രെയിനിയായി മോദി സിറോക്സിനൊപ്പമാണ് വി. എസ് പാര്‍ത്ഥസാരഥി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2000ല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയില്‍ ചേരുന്നതിന് മുമ്പ് സിറോക്സില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കൊമേഴ്സില്‍ ബിരുദം നേടിയിട്ടുണ്ട്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയിലെ ഫെലോ അംഗവും, ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് അംഗവുമാണ്. ഹാര്‍വാര്‍ഡ് അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാമില്‍ (2011) പൂര്‍വ വിദ്യാര്‍ഥിയുമാണ്.

മഹീന്ദ്ര ലോജിസ്റ്റിക്സ് ബോര്‍ഡ് ചെയര്‍മാനായി സ്ഥാനമേല്‍ക്കുന്നതില്‍ താന്‍ സന്തുഷ്ടനാണെന്നും അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ലക്ഷ്യം നേടാന്‍ ഇന്ത്യയെ സഹായിക്കുന്നതില്‍ ലോജിസ്റ്റിക്സ് രംഗം നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും വി. എസ് പാര്‍ത്ഥസാരഥി പറഞ്ഞു.