ഇരുമ്പ് അയിര് ഉത്പാദനത്തില്‍ കുറവില്ല; എന്‍എംഡിസിക്ക് നേട്ടം

Posted on: November 10, 2020

കൊച്ചി:  ഇരുമ്പ് അയിര് ഉത്പ്പാദകരായ പൊതുമേഖലാ നവരത്ന കമ്പനി എന്‍എംഡിസി കോവിഡ് പ്രതിസന്ധിയിലും ഉത്പ്പാദനവും വിത്പ്പനയും കുറയാതെ നിലനിര്‍ത്തി. ഒക്ടോബറില്‍ കമ്പനി 2.43 മില്യണ്‍ ടണ്‍ ഇരുമ്പ് അയിര് ആണ് ഉത്പ്പാദിപ്പിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം 2.49 മില്യണ്‍ ടണ്‍ ആയിരുന്നു ഉല്‍പ്പാദനം.

കഴിഞ്ഞ മാസം 2.52 മില്യണ്‍ ടണ്‍ അയിര് വില്പ്പന നടത്തുകയും ചെയ്തു. മുന്‍ വര്‍ഷം ഒക്ടോബറിലെ വില്പ്പന 2.61 മില്യണ്‍ ടണ്‍ ആയിരുന്നു. ‘ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കമ്പനി 14.66 മില്യണ്‍ ടണ്‍ ഇരുമ്പ് അയിര് ഉല്‍പ്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 15.43 മില്യണ്‍ ടണ്‍ ആയിരുന്നു.

കോവിഡ് വെല്ലുവിളിയും കനത്ത മണ്‍സൂണും പ്രവര്‍ത്തനങ്ങളെ ബാധിച്ചെങ്കിലും കമ്പനിയുടെ പ്രകടനം മികച്ചതായിരുന്നു. ഉരുക്കു വ്യവസായ രംഗത്തെ പ്രതീക്ഷകള്‍ക്കൊത്ത് കമ്പനി ശരിയായ പാതയിലാണ്,’ എന്‍എംഡിസി സിഎംഡി സുമിത് ദേബ് പറഞ്ഞു.

 

TAGS: NMDC |