അന്താരാഷ്ട്ര റൂപേ കാര്‍ഡില്‍ 40 ശതമാനം ക്യാഷ്ബാക്കുമായി എന്‍പിസിഐ

Posted on: January 3, 2020

കൊച്ചി: അന്താരാഷ്ട്ര റൂപേ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കന്നവര്‍ക്ക് 40 ശതമാനം ക്യാഷ്ബാക്ക് നല്‍കുന്ന പദ്ധതിക്ക് നാഷണല്‍ പെയ്മെന്റ്സ് കോര്‍പറേഷന്‍ തുടക്കം കുറിച്ചു. യുഎഇ, സിംഗപൂര്‍, ശ്രീലങ്ക, യുകെ, യുഎസ്എ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്റ്, തായ്ലന്റ് തുടങ്ങിയ രാജ്യങ്ങളില്‍ അന്താരാഷ്ട്ര പിഒഎസ് ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക.

വിദേശത്ത് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് റൂപേ അന്താരാഷ്ട്ര കാര്‍ഡ് ആക്ടിവേറ്റ് ചെയ്ത് പ്രതിമാസം 16,000 രൂപ വരെ ക്യാഷ്ബാക്ക് നേടാന്‍ അവസരമുണ്ടാകും. ഈ ആനുകൂല്യം ലഭിക്കാനായി റൂപേ കാര്‍ഡ് ഉടമകള്‍ തങ്ങളുടെ റൂപേ അന്താരാഷ്ട്ര കാര്‍ഡ് വിദേശത്തെ ഇടപാടുകള്‍ നടത്താവുന്ന രീതിയില്‍ അതു ലഭിച്ച ബാങ്കില്‍ നിന്ന് ആക്ടിവേറ്റു ചെയ്യണം. കുറഞ്ഞത് ആയിരം രൂപയുടെ ഇടപാടു നടത്തുന്നവര്‍ക്കായിരിക്കും ക്യാഷ്ബാക്കിന് അര്‍ഹത. ഒരു ഇടപാടില്‍ പരമാവധി 4000 രൂപ വരെയാവും ക്യാഷ്ബാക്ക് ലഭിക്കുക. ഒന്നിലേറെ റൂപേ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യം ലഭിക്കാനും അര്‍ഹതയുണ്ടാകും.

തങ്ങളുടെ ‘റൂപേ ട്രാവല്‍ ടെയില്‍സ്’ ക്യാമ്പെയിനിന്റെ ‘ഭാഗമായി കാര്‍ഡ് ഉടമകള്‍ക്ക് അര്‍ത്ഥവത്തായ അന്താരാഷ്ട്ര യാത്രാ ഷോപ്പിങ് അനുഭവങ്ങള്‍ ലഭ്യമാക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച നാഷണല്‍ പെയ്മെന്റ്സ് കോര്‍പറേഷന്‍ സിഒഒ പ്രവീണ റായ് പറഞ്ഞു.

TAGS: NPCI |