മുത്തൂറ്റ് ഫിനാന്‍സിന്റെ മുന്നൂറോളം ശാഖകളുടെ പ്രവര്‍ത്തനം നിലച്ചു

Posted on: August 29, 2019

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സിന്റെ കേരളത്തിലെ 300-ഓളം ശാഖകളുടെ പ്രവര്‍ത്തനം നിലച്ചു. സി. ഐ. ടി. യു സമരത്തെ തുടര്‍ന്നാണ് ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കാത്തതെന്ന് കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ രണ്ടിനു ശേഷവും അടഞ്ഞു കിടക്കുന്ന എല്ലാ ശാഖകളും അടച്ചുപൂട്ടാനാണ് കമ്പനി ഒരുങ്ങുന്നത്. മാനേജ്‌മെന്റ് ഇതു സംബന്ധിച്ച് ബ്രാഞ്ചുകള്‍ക്ക് സര്‍ക്കുലര്‍ നല്‍കി. ബാക്കിയുള്ളവ പ്രവര്‍ത്തിക്കും.

പുതിയ വായ്പകള്‍ നല്‍കുന്നതും മുത്തൂറ്റ് ഫിനാന്‍സ് നിര്‍ത്തിവെച്ചു. 650-ഓളം ശാഖകളാണ് കേരളത്തിലുള്ളത്. ശാഖകള്‍ പൂട്ടുന്നതോടെ 3,500 ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും. മൊത്തം 26,000 ജീവനക്കാരാണ് മുത്തൂറ്റിനുള്ളത്. അടയ്ക്കുന്ന ബ്രാഞ്ചുകളിലെ ജീവനക്കാരെ പുനര്‍വിന്യസിക്കില്ല. കമ്പനിയില്‍ 70 ശതമാനത്തോളം ജീവനക്കാരും സ്ത്രീകളുമാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി ഈ സമരം തുടരുകയാണ്. കേരളത്തില്‍ പന്ത്രമണ്ട് ശതമാനം ബിസിനസ് ഉണ്ടായിരുന്നത് സമരം കാരണം നാല് ശതമാനമായി കുറഞ്ഞെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കേരളത്തില്‍ സര്‍വീസ് മേഖലയില്‍ ട്രേഡ് യൂണിയന്‍ സമരം മൂലം ഒരു ലിസ്റ്റഡ് കമ്പനി പ്രവര്‍ത്തനം നിര്‍ത്തുന്നത് ആദ്യമായിരിക്കും. കഴിഞ്ഞ വര്‍ഷം മുത്തൂറ്റ് സംസ്ഥാനത്തിന് 500 കോടിയുടെ നികുതിയാണ് നല്‍കിയത്.

TAGS: Muthoot Finance |