മണപ്പുറം ഫൗണ്ടേഷന്‍ സധൈര്യം 22 പരിപാടി സംഘടിപ്പിച്ചു

Posted on: March 24, 2022

തൃശ്ശൂര്‍ : ലോക വനിതാദിനാചരണത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ സധൈര്യം 22 പരിപാടി സംഘടിപ്പിച്ചു. സരോജിനി പത്മനാഭന്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി പി നന്ദകുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സുഷാമൃതം പദ്ധതിയുടെ ഭാഗമായുള്ള പോഷകാഹാര കിറ്റിന്റെ വിതരണവും നടന്നു.

തളിക്കുളം ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി രണ്ട് കുട്ടികള്‍ക്ക് വീതം പോഷകാഹാര കിറ്റ് നല്‍കികൊണ്ട് ജില്ലാ പോലീസ് മേധാവി എസ് പി ഐശ്വര്യ ഡോണ്‍ഗ്രെ ഐപിഎസ് കിറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീ സമത്വം, ശാക്തീകരണം, ആരോഗ്യം തുടങ്ങി വനിതകളുടെ ഉന്നമനത്തിന് മണപ്പുറം ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രയത്നങ്ങളെയും പദ്ധതികളെയും ജില്ല പോലീസ് മേധാവി അനുമോദിച്ചു.

പദ്ധതിയുടെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലുള്‍പ്പെടുന്ന അഞ്ച് പഞ്ചായത്തുകളില്‍ നിന്നുള്ള നിര്‍ധന കുടുംബങ്ങളിലെ അഞ്ഞൂറിലധികം കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് പത്തുദിവസത്തെ മെഡിക്കല്‍ ക്യാമ്പും, അനീമിയ ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. ടെസ്റ്റ് പ്രകാരം അനീമിക്കാണെന്നു കണ്ടെത്തിയ 237 കുട്ടികള്‍ക്ക് 1000 രൂപ വില വരുന്ന ഡ്രൈഫ്രൂട്ട്സ് അടങ്ങിയിട്ടുള്ള പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്തു. തുടര്‍ച്ചയായി 3 മാസത്തേക്കാണ് കുട്ടികള്‍ക്ക് കിറ്റുകള്‍ നല്‍കുക.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മേധാവികളെയും സ്‌കൂള്‍ മേധാവികളെയും വി പി നന്ദകുമാര്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മല്ലിക ദേവന്‍, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഡി. ഷിനിത, നാട്ടിക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രജനി ബാബു, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ. സജിത, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാന്തി ഭാസി, എന്നിവര്‍ വിശിഷ്ടാതിഥികളായി.

വാര്‍ഡ് മെമ്പര്‍മാരും ഏങ്ങണ്ടിയൂര്‍ നാഷണല്‍ സ്‌കൂള്‍, സെന്‍തോമസ് സ്‌കൂള്‍, വാടാനപ്പള്ളി കമലാ നെഹ്റു സ്‌കൂള്‍, നാട്ടിക എസ് എന്‍ ട്രസ്റ്റ് സ്‌കൂള്‍, ഫിഷറീസ് സ്‌കൂള്‍, വലപ്പാട് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ സ്‌കൂള്‍ കഴിമ്പ്രം സ്‌കൂള്‍ എന്നിവിടങ്ങളിലെ അധ്യാപക പ്രതിനിധികളും പങ്കെടുത്തു. മണപ്പുറം ഫൗണ്ടേഷന്‍ സി എസ് ആര്‍ വിഭാഗം ചീഫ് മാനേജര്‍ ശില്പ നന്ദി അറിയിച്ചു.