ജിപിഎഐ ഉച്ചകോടിയില്‍ ജി ഗെയ്റ്റര്‍ റോബോട്ടിക് ടെക്‌നോളജിക്ക് പുരസ്‌കാരം

Posted on: December 18, 2023

തിരുവനന്തപുരം : ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ഓണ്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ജിപിഎഐ) ഉച്ചകോടിയിലെ ‘എഐ ഗെയിം ചേഞ്ചേഴ്‌സ് പുരസ്‌കാര’ വിഭാഗത്തില്‍ മികച്ച എഐ സ്റ്റാര്‍ട്ടപ്പിനുള്ള ബഹുമതി കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെന്‍ റോബോട്ടിക്‌സിന്. ഇതോടെ രാജ്യത്തെ മികച്ച 3 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ ജെന്‍ റോബോട്ടിക്‌സ് ഇടം നേടി.

കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം സംഘടിപ്പിച്ച ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യയാണ് ജെന്‍ റോബോട്ടിക്‌സിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

ജി ഗെയ്റ്റര്‍ റോബോട്ടിക് സാങ്കേതിക വിദ്യയിലൂടെ ആരോഗ്യ പരിപാലനത്തിന് നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഡിസംബര്‍ 12 മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച ഉച്ചകോടിയില്‍ പുരസ്‌കാരം വിതരണം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു ഉച്ചകോടി ഉദ്ഘാടനം ചെയ്തത്.

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണനില്‍ നിന്ന് ജെന്‍ റോബോട്ടിക്‌സ് മെഡിക്കല്‍ ആന്‍ഡ് മൊബിലിറ്റി റീജണല്‍ ഡയറക്റ്റര്‍ അഫ്‌സല്‍ മുട്ടിക്കലും റീജിയണല്‍ ബിസിനസ് ഡെവലപ്‌മെന്റ് മാനെജര്‍ അരുണ്‍ ഡൊമിനിക്കും പുരസ്‌കാരം ഏറ്റുവാങ്ങി. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി അഭിഷേക് സിങും ചടങ്ങില്‍ പങ്കെടുത്തു.

സ്‌ട്രോക്ക്, അപകടങ്ങള്‍, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ് രോഗംതുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ട ആളുകള്‍ക്ക് മറ്റുള്ളവരെ ആശയിക്കാതെ വേഗത്തില്‍ സൗഖ്യം ലഭിക്കാന്‍ എഐ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുന്ന റോബോട്ടിക് ഗെയ്റ്റ് ട്രെയ്‌നറായ ജി ഗെയ്റ്റര്‍ പരിശീലിപ്പിക്കും.