മൃഗായുര്‍വേദം ; കാര്‍ഷികമേഖലയ്ക്കും ആരോഗ്യരംഗത്തിനും ഒരു പോലെ പ്രധാനം

Posted on: November 21, 2023

തിരുവനന്തപുരം: ആയുര്‍വേദത്തിന്റേയും വെറ്ററിനറിയുടേയും സംയോജിത ഇടപെടലിലൂടെ കാര്‍ഷികമേഖലയ്ക്കും ആരോഗ്യ രംഗത്തിനും ഉത്തേജനമാകുന്നതാണ് ‘എത്നോവെറ്റിനറി മെഡിസിന്‍’ അഥവാ ‘മൃഗായുര്‍വേദ’ എന്ന വിഷയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാര്‍ ഡിസംബര്‍ 4 തിങ്കഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. സെമിനാറില്‍ ഇന്ത്യയില്‍ തന്നെ വളരെ പ്രഗല്‍ഭരായിട്ടുള്ള 12 പേരാണ് ഈ വിഷയത്തെ കുറിച്ച് പേപ്പറുകള്‍ അവതരിപ്പിക്കുന്നത്. എത്നോവെറ്ററിനറി മെഡിസിനുമായി ബന്ധപ്പെട്ട് ഇവര്‍ നടത്തിയ ആഴത്തിലുള്ളതും തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതുമായ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ പേപ്പറും തയ്യാറാക്കിയിരിക്കുന്നത്.

മരുന്നിലൂടെയും തീറ്റയിലൂടെയും വളര്‍ത്തുമൃഗങ്ങളിലെത്തുന്ന ആന്റിബയോട്ടിക് അവക്ഷിപ്തം പാലും മുട്ടയും മാംസവും വഴി മനുഷ്യരിലേക്കും എത്തുകയും തുടര്‍ച്ചയായി ഇവ ഭക്ഷിക്കുന്നവരുടെ കോശങ്ങളില്‍ അവക്ഷിപ്തസാന്നിധ്യം വര്‍ധിച്ചാണ് ആന്റിമൈക്രോബിയല്‍ പ്രതിരോധം എന്ന അവസ്ഥയിലേക്ക് ശരീരത്തെ നയിക്കുന്നത്. ശരീരത്തില്‍ നിന്ന് അണുബാധകള്‍ ഇല്ലാതാക്കുന്ന ശേഷിയെ കുറയ്ക്കുകയോ പൂര്‍ണമായും ഇല്ലാതാക്കുകയോ ചെയ്യുന്ന പ്രക്രിയയാണ് ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് അഥവാ എ എം ആര്‍. അതുമാത്രവുമല്ല നിലവിലുള്ള പ്രധാന മരുന്നുകള്‍ അണുബാധകള്‍ ഇല്ലാതാക്കുന്നതിന് ഫലപ്രദമല്ലാതാവുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാകാതെ വരുന്നത് രോഗചികിത്സ വിഷമകരമാക്കും. എന്നുമാത്രമല്ല രോഗമുക്തി നേടുന്നതിന് കൂടുതല്‍ സമയവും പണവും ചെലവാക്കേണ്ടിയും വരും. മാത്രവുമല്ല ശസ്ത്രക്രിയകളും കീമോതെറപ്പിയുമൊക്കെ അസാധ്യമാക്കും. ആന്റിബയോട്ടിക്കുകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക മാത്രമാണ് നിലവില്‍ ഇതിനു ഒരു പരിഹാരം എന്നു പറയുന്നത്. വിശേഷിച്ച്, ഭക്ഷണത്തിലൂടെ തുടര്‍ച്ചയായി ഇവ ശരീരത്തിലെത്തുന്ന അവസ്ഥ പൂര്‍ണമായും ഇല്ലാതാക്കുക തന്നെ വേണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, ഇന്ത്യയില്‍ ആന്റിബയോട്ടിക്കുകളുടെ വാര്‍ഷിക ഉപയോഗ നിരക്ക് 6 മുതല്‍ 7 ശതമാനം വരെയാണ് വര്‍ദ്ധിച്ചത്. അതേസമയം 2050 ആകുമ്പോഴേക്കും ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രതിവര്‍ഷം 10 ദശലക്ഷം മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ ഈ ഔഷധസസ്യങ്ങള്‍ക്ക് ഉയര്‍ന്ന വിലയുള്ള ആന്റിബയോട്ടിക്കുകളെ ഒരു പരിധി വരെ മാറ്റിസ്ഥാപിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഈ വിഷയങ്ങളില്‍ കര്‍ഷകരില്‍ മാത്രമല്ല നമ്മള്‍ സാധാരണക്കാരിലും അവബോധം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനു എറ്റവും മികച്ച ഒരു അവസരവും വേദിയുമാണ് ‘എത്നോവെറ്ററിനറി മെഡിസിന്‍’ അഥവാ ‘മൃഗായുര്‍വേദ’ എന്ന വിഷയത്തില്‍ ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രത്യേക സെമിനാര്‍.