ഡെലിഗേറ്റ് സെല്‍  തുടങ്ങി; പാസ് വിതരണം രാത്രി ഏഴു വരെ

Posted on: February 9, 2021


രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഓഫീസും ഡെലിഗേറ്റ് സെല്ലും പ്രവര്‍ത്തനം ആരംഭിച്ചു. കെടിഡിസി ചെയര്‍മാന്‍ എം.വിജയകുമാര്‍ ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദര സൂചകമായി ആദ്യ പാസ് അക്കാഡമി ചെയര്‍മാന്‍ കമല്‍ തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ശിവ മോളിക്ക് നല്‍കി.

സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജാണ് ഫെസ്റ്റിവല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തത്. അക്കാദമി വൈസ് ചെയര്‍ പേഴ്‌സണ്‍ ബീനാ പോള്‍, എക്‌സിക്യുട്ടീവ് അംഗം വി.കെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍, ട്രഷറര്‍ സന്തോഷ് ജേക്കബ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പാസ് വിതരണത്തിനായി ടാഗോര്‍ തിയേറ്ററില്‍ ഏഴു കൗണ്ടറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പാസുകള്‍ വിതരണം ചെയ്യുന്നത്. ഫെസ്റ്റിവല്‍ ബുക്ക്, പാസ്, മാസ്‌ക് എന്നിവ അടങ്ങിയ കിറ്റുകള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കാണ് വിതരണം ചെയ്യുന്നത്.

കൊവിഡ് പശ്ചാത്തലത്തില്‍  സമ്പൂര്‍ണ സുരക്ഷിത മേളയാണ് അക്കാഡമി ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ കമല്‍. അതുകൊണ്ടാണ് ഇത്തവണ ചലച്ചിത്രമേള നാലു മേഖലകളില്‍ നടത്തുന്നതെന്നും എല്ലാ ഘട്ടത്തിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു .മേളയുടെ ഭാഗമായി  ഡെലിഗേറ്റ് സെല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .പങ്കെടുക്കുന്നവര്‍ക്കെല്ലാം കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ് .  മുന്‍കൂട്ടി റിസര്‍വ് ചെയ്തവര്‍ക്ക് മാത്രമേ സിനിമകള്‍ കാണാന്‍ അവസരം നല്‍കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

സുരക്ഷ സംബന്ധിച്ച നിയന്ത്രണങ്ങളില്‍ ഡെലിഗേറ്റുകള്‍ക്ക് ചെറിയ ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും ഇപ്പോഴത്തെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് എല്ലാവരും മേളയുമായി  സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു .

രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കോവിഡ് ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു. ആദ്യദിനത്തില്‍ 700 ഓളം പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത് . അഡീഷണല്‍ ഡിഎം ഒ ഡോ. ജോസഫ് ഡിക്രൂസിന്റെ നേതൃത്വത്തില്‍ നാല് കൗണ്ടറുകളിലായാണ് ആന്റിജന്‍ ടെസ്റ്റ് നടത്തുന്നത്. പ്രതിനിധികള്‍ക്ക് നല്‍കുന്ന കൂപ്പണ്‍ അനുസരിച്ചു കോവിഡ് ടെസ്റ്റ് ചെയ്യാം. ടെസ്റ്റ് ഇന്നും നാളെയും തുടരും .

വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലുമുള്ള പ്രതിനിധികള്‍ക്കും ടാഗോര്‍ തിയേറ്ററിലെ കൗണ്ടറില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താവുന്നതാണ് . മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ടെസ്റ്റിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് .രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ ആണ് ടെസ്റ്റ് നടത്തുന്നത്. ഡോ. ലക്ഷ്മി. ഡോ.പൊന്നി, ഡോ. ചിത്ര എന്നിവരും ആരോഗ്യവകുപ്പിന്റെ സംഘത്തിലുണ്ട് . ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.