ആര്‍ബിഐ ബാങ്കിംഗ് സുരക്ഷാ ബോധവല്‍ക്കരണ ടൗണ്‍ഹാള്‍ പരിപാടി സംഘടിപ്പിച്ചു

Posted on: April 25, 2023

കോട്ടയം : സുരക്ഷിത ബാങ്കിംഗ്, ബാങ്കിംഗ് ഉപഭോക്തൃ അവകാശങ്ങള്‍, ബാങ്കുകളിലെ പരാതി പരിഹാര സംവിധാനം എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് രാജ്യവ്യാപകമായി നടത്തി വരുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായുള്ള പ്രത്യേക ടൗണ്‍ഹാള്‍ കോട്ടയത്ത് ദര്‍ശന സിഎ അക്കാഡമിയില്‍ സംഘടിപ്പിച്ചു. ചീഫ് ജനറല്‍ മാനേജരും ആര്‍ബിഐ ഓംബുഡ്‌സ്മാനുമായ ആര്‍ കമലകണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് ഇന്റഗ്രേറ്റഡ് ഓംബുഡ്‌സ്മാന്‍ പദ്ധതി വിശദമായി പരിചയപ്പെടുത്തി. തുടര്‍ന്ന് നടന്ന ഓപണ്‍ ഹൗസില്‍ ബാങ്കിങ് ഉപഭോക്താക്കളുടെ പരാതികള്‍, പൊതുവായ സംശയങ്ങള്‍, സുരക്ഷിത ബാങ്കിങ് രീതികള്‍ എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ഓംബുഡ്‌സ്മാനും ഡെപ്യൂട്ടി ഓംബുഡ്മാനും മറുപടി നല്‍കി. ബാങ്കിങ്, ഇന്‍ഷുറന്‍സ് രംഗത്തെ സാമ്പത്തിക സാക്ഷരത സംബന്ധിച്ച പ്രത്യേക സെഷനും നടന്നു.

സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഎം (എച്ച് ആര്‍ & ഓപറേഷന്‍സ്) ആന്റോ ജോര്‍ജ് റ്റി, ആര്‍ബിഐ ഡെപ്യൂട്ടി ജനറല്‍ മാനേജരും ഡെപ്യൂട്ടി ഓംബുഡ്‌സ്മാനുമായ അനൂപി വി രാജ്, കോട്ടയം ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അലെക്‌സ് ഇ എം എന്നിവര്‍ സംസാരിച്ചു.