ഇരട്ടയാറില്‍ ജീവന്‍ രക്ഷാ പരിശീലനവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: August 22, 2023

കട്ടപ്പന : കട്ടപ്പന ഇരട്ടയാര്‍ സ്വദേശികള്‍ക്ക് ജീവന്‍ രക്ഷാ പരിശീലനവുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി. കുര്‍ബാനക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് വിവിധ തലങ്ങളിലുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. ആസ്റ്റര്‍ ആശുപത്രികളുടെ നേതൃത്വത്തില്‍ നടത്തുന്ന ബീ ഫസ്റ്റ് ക്യാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും കെ.സി.വൈ.എം സൗത്ത് റിജ്യന്റെയും സഹകരണത്തോടെ നടത്തിയ പരിപാടിയില്‍ നൂറു കണക്കിന് പേരായിരുന്നു പങ്കെടുത്തത്.

അമ്മയോടൊത്ത് സെന്റ് തോമസ് ഫൊറോന പള്ളിയിലെത്തിയ പെണ്‍കുട്ടി കുര്‍ബാനക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു കുഴഞ്ഞു വീണത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓഗസ്റ്റ് ആദ്യവാരം മരണപ്പെടുകയായിരുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ എത്തുന്നതിന് വരെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ട പ്രഥമശുശ്രൂഷ നല്‍കാന്‍ പ്രാപ്തരാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇരട്ടയാര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന പരിപാടിക്ക് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ.ജോണ്‍സണ്‍ കെ വര്‍ഗീസ് നേതൃത്വം നല്‍കി. പ്രഥമശുശ്രൂഷ, ബേസിക് ലൈഫ് സപ്പോര്‍ട്ട് (ബി.എല്‍.എസ്), അഡ്വാന്‍സ്ഡ് കാര്‍ഡിയാക് ലൈഫ് സപ്പോര്‍ട്ട് (എ.സി.എല്‍.എസ്), പീഡിയാട്രിക് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് (പി.എ.എല്‍.എസ്) തുടങ്ങിയ വിഷയങ്ങളില്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ വിദഗ്ധ ഡോക്ടര്‍മാര്‍ പ്രായോഗിക പരിശീലനം നല്‍കി.

നമുക്ക് ചുറ്റും സംഭവിക്കുന്ന അത്യാഹിത സന്ദര്‍ഭങ്ങളെ ക്യത്യമായി മനസ്സിലാക്കി അപകടത്തില്‍ പെടുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനുള്ള ജീവന്‍രക്ഷാ പരിശീലനം ഉറപ്പാക്കുക, അത്യാഹിതവേളകള്‍ മനസാന്നിദ്ധ്യത്തോടെ കൈകാര്യം ചെയ്യാന്‍ ജനങ്ങളെ പ്രപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 2022 ഓഗസ്റ്റ് 15നായിരുന്നു ബി ഫസ്റ്റിന് തുടക്കമായത്. ആസ്റ്റര്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘ബി ഫസ്റ്റ് ‘ ക്യാമ്പയിന്‍ സമൂഹത്തിലെ വിവിധ തുറകളിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, എന്‍.സി.സി കേഡറ്റുകള്‍, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 18,000ലധികം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ രക്ഷാ പരിശീലനം നല്‍കിയിട്ടുള്ളത്. ഇതിനായി 190ലധികം പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്.

ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷ ഷാജി, റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് വിജി ജോസഫ്, സെന്റ് തോമസ് പള്ളി വികാരി റവ. ജോസ് കരിവേലി, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണര്‍ ജോസ് മാത്യു, പഞ്ചായത്ത് അംഗം റെജി ഇല്ലിപ്പുള്ളിക്കാട്ട്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സിന്‍ വര്‍ക്കി, ആസ്റ്റര്‍ മെഡ്‌സിറ്റി ബിസിനസ് ഡെവലപ്മെന്റ് സീനിയര്‍ മാനേജര്‍ റോഷ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.