സ്പീക് ഫോർ കേരള ഗ്രാൻഡ് ഫിനാലെ ഇന്ന്

Posted on: March 19, 2015

Federal-Bank-Speak-for-Kera

കൊച്ചി : ഫെഡറൽ ബാങ്ക് സംഘടിപ്പിക്കുന്ന ഡിബേറ്റ് പരിപാടിയായ സ്പീക് ഫോർ കേരളയുടെ ഗ്രാൻഡ് ഫിനാലെ ഇന്നു വൈകുന്നേരം അഞ്ചിനു കലൂർ ഗോകുലം ഹോട്ടൽ ആൻഡ് കൺവൻഷൻ സെന്ററിൽ നടക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അനിൽ കുംബ്ലെ മുഖ്യാതിഥി ആയിരിക്കും.

ബ്ലോക്ക്, ജില്ല, സംസ്ഥാനതലങ്ങളിലായി നാലു മാസം ദീർഘിച്ച മത്സരങ്ങളിൽ നിന്നു നാലുപേരെയാണ് ഗ്രാൻഡ് ഫിനാലെയിലേക്കു തെരഞ്ഞെടുത്തത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ ആർ. ആര്യ ദേവി, മൂക്കന്നൂർ ഫിസാറ്റിലെ സന നാസർ, തൃശൂർ വിമല കോളജിലെ മീര ദേവി, പാലക്കാട് ഗവൺമെന്റ് വിക്ടോറിയ കോളജിലെ ആനന്ദ് ജയൻ എന്നിവരാണ് അവസാനഘട്ടത്തിൽ മത്സരരിക്കുന്നവർ.

ആദ്യം മേക് ഇൻ കേരള ഷുഡ് ബീ ദി കോർ ഫോക്കസ് ഫോർ ജോബ് ക്രിയേഷൻ ഇൻ ദി ഡെൻസ്‌ലി പോപ്പുലേറ്റഡ് സ്റ്റേറ്റ് ഓഫ് കേരള എന്ന വിഷയത്തിൽ നടത്തുന്ന ഡിബേറ്റിൽ നിന്ന് രണ്ടുപേരെ ഫൈനലിസ്റ്റുകളായി വീണ്ടും തെരഞ്ഞെടുക്കും. ജൂറി അംഗങ്ങളുടെ നാലു ചോദ്യങ്ങൾക്ക് ഇവർ നൽകുന്ന ഉത്തരത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ കണ്ടെത്തുക.

നാളികേര വികസന ബോർഡ് ചെയർമാൻ ടി. കെ. ജോസ്, കൊച്ചിൻ സ്‌പെഷൽ ഇക്കണോമിക് സോൺ ഡവലപ്‌മെന്റ് കമ്മീഷണർ എ. എൻ. സഫീന, എസ്ബി ഗ്ലോബൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ആർ. ബാലചന്ദ്രൻ, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ് എന്നിവരാണ് ജൂറി അംഗങ്ങൾ.

ഗ്രാൻഡ് ഫിനാലെയിൽ വിജയിക്കുന്നവർക്ക് ഫെഡറൽ ബാങ്ക്-കേരള യൂത്ത് ഓഫ് ദി ഇയർ 2015 ട്രോഫിയും മൂന്നു ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും 50,000 രൂപയുടെ കാഷ് പ്രൈസും സമ്മാനമായി നൽകും. രണ്ടാം സ്ഥാനം നേടുന്ന ആൾക്ക് 50,000 രൂപയുടെ കാഷ് പ്രൈസ് ലഭിക്കും.