ഫെഡറല്‍ ബാങ്കിന് 954 കോടി രൂപ അറ്റാദായം

Posted on: October 17, 2023


കൊച്ചി : 2023 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ രണ്ടാംക്വാര്‍ട്ടറില്‍ 35.54 ശതമാനം വര്‍ദ്ധനവോടെ ഫെഡറല്‍ ബാങ്ക് 953.82 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 703.71 കോടി രൂപയായിരുന്നു അറ്റാദായം.

”കഴിഞ്ഞകാലങ്ങളിലായി ഞങ്ങള്‍ നടപ്പിലാക്കിയ പല നൂതന ആശയങ്ങളും മികച്ചരീതിയില്‍ ഒത്തുചേര്‍ന്നതിന്റെ ഫലമായാണ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പാദവാര്‍ഷിക അറ്റാദായത്തിലേക്ക് ഞങ്ങള്‍ എത്തിയത്,” ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറില്‍ സമാഹരിക്കാന്‍ സാധിച്ച നിക്ഷേപം ബാങ്കിന്റെ ഭരണനിര്‍വഹണ, സാമൂഹിക, പാരിസ്ഥിതിക മേഖലകളിലെ പ്രതിബദ്ധതയ്ക്ക് നിദര്‍ശനമാണ്. നിക്ഷേപകരോടുള്ള പ്രതിബദ്ധത സന്തോഷപൂര്‍വം നടപ്പിലാക്കുന്നതിനോടൊപ്പം, തെരഞ്ഞെടുക്കപ്പെട്ട മേഖലകളില്‍ അനുസ്യൂതം വളര്‍ച്ച കൈവരിച്ച്, ഏറ്റവും ആദരണീയമായ ബാങ്ക് ആവുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തനലാഭത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 9.26 ശതമാനം വര്‍ധനവോടെ പ്രവര്‍ത്തനലാഭം 1324.45 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 1212.24 കോടി രൂപയായിരുന്നു പ്രവര്‍ത്തനലാഭം. ബാങ്കിന്റെ മൊത്തം ബിസിനസ് 21.49 ശതമാനം വര്‍ധിച്ച് 425685.12 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ ക്വാര്‍ട്ടറില്‍ 189145.71 കോടി രൂപയായിരുന്ന നിക്ഷേപം 232868.43 കോടി രൂപയായി വര്‍ധിച്ചു.

വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 161240.32 കോടി രൂപയില്‍ നിന്ന് 192816.69 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയല്‍ വായ്പകള്‍ 18.05 ശതമാനം വര്‍ധിച്ച് 62009 കോടി രൂപയായി. കാര്‍ഷിക വായ്പകള്‍ 23.56 ശതമാനം വര്‍ധിച്ച് 25115കോടി രൂപയിലും വാണിജ്യ ബാങ്കിങ് വായ്പകള്‍ 23.82 ശതമാനം വര്‍ധിച്ച് 19729 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 14.91 ശതമാനം വര്‍ധിച്ച് 68058.63 കോടി രൂപയിലുമെത്തി. അറ്റപലിശ വരുമാനം 16.72 ശതമാനം വര്‍ധനയോടെ 2056.42 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1761.83 കോടി രൂപയായിരുന്നു.

4436.05 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.26 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1229.81 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.64 ശതമാനമാണിത്. 71.03 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 26032.07 കോടി രൂപയായി വര്‍ധിച്ചു. 15.50 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1389 ശാഖകളും 1935 എടിഎമ്മുകളുമുണ്ട്.

 

TAGS: Federal Bank |