സൗത്ത് ഇന്ത്യന്‍ ബാങ്ക് ആദ്യ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റ് തുറന്നു

Posted on: October 18, 2022

കൊച്ചി : സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ആദ്യ ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റ് (ഡിബിയു) ചാലക്കുടി ആനമല ജംഗ്ഷനില്‍ തുറന്നു. രാജ്യത്തുടനീളം 75 ജില്ലകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിഡിയോ കോണ്‍ഫറന്‍സ് വഴി ഉത്ഘാടനം ചെയ്ത 75 ഡിബിയുകളില്‍ ഒന്നാണിത്. പൂര്‍ണമായും ഡിജിറ്റല്‍, പേപ്പര്‍ രഹിത ബാങ്കിംഗ് സേവനങ്ങളാണ് ഡിബിയുകളില്‍ ലഭിക്കുക.

ചെറിയ പട്ടണങ്ങളില്‍ ബാങ്കിംഗ് സേവനങ്ങള്‍ ഇനിയും ലഭ്യമല്ലാത്തവര്‍ക്ക് ഔപചാരിക ബാങ്കിംഗ് സംവിധാനത്തിന്റെ സൗകര്യമാണ് ഡിബിയു ലഭ്യമാക്കുന്നത്. ഇത് ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ പേരിലെത്തിക്കാനും കൂടുതല്‍ പേരെ സാമ്പത്തിക മുഖ്യധാരയിലെത്തിക്കാനും സഹായിക്കുമെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ ആദ്യ ഡിബിയുവിന് തുടക്കിമിടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഡിബിയു സംവിധാനം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ ഡിജിറ്റല്‍ സ്ഥാപനങ്ങള്‍, ഫിന്‍ടെക്ക് കമ്പനികള്‍, ഫിനാന്‍ഷ്യല്‍ അഗ്രഗേറ്റേഴ്‌സ് എന്നിവരേയും ഞങ്ങള്‍ പങ്കാളികളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ഡിജിറ്റല്‍ ഓണ്‍ലി ബാങ്ക് ശാഖകള്‍ എന്ന ആശയം കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചത്. പൂര്‍ണമായും ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ മാത്രം ലഭ്യമാക്കുന്ന പ്രത്യേക ബാങ്ക് ശാഖയാണ് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റ്. ഇവിടെ ഒരുക്കിയിരിക്കുന്ന ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സ്വന്തമായി ഇടപാടുകള്‍ നടത്താം. കൂടാതെ ജീവനക്കാരുടെ സഹായവും ലഭിക്കും. മുഴുസമയം പ്രവര്‍ത്തിക്കുന്ന ഡിബിയു വഴി എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭിക്കും. ഉപയോക്താക്കള്‍ക്ക് ചെലവ് കുറഞ്ഞതും ഏറെ സൗകര്യപ്രദവുമായ രീതിയില്‍ പേപ്പര്‍ രഹിത, സുരക്ഷിത ഡിജിറ്റല്‍ ബാങ്കിംഗ് അനുഭവമായിരിക്കുമിത്.

സ്വാതന്ത്യലബ്ധിയുടെ 75ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തുടനീളം 75 ജില്ലകളില്‍ വാണിജ്യ ബാങ്കുകള്‍ 75 ഡിബിയുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായാണ് തൃശൂര്‍ ജില്ലയില്‍ ഡിബിയു ഒരുക്കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് അനുമതി ലഭിച്ചത്.