കൊച്ചിയില്‍ നിന്ന് ആകാശ എയര്‍ സര്‍വീസ് തുടങ്ങുന്നു

Posted on: July 23, 2022

കൊച്ചി : വിമാനക്കമ്പനിയായ ആകാശ എയര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (സിയാല്‍) നിന്ന് സര്‍വീസ് തുടങ്ങുന്നു. ബംഗളൂരു-കൊച്ചി ബംഗളുരു മേഖലയില്‍ പ്രതിവാരം 28 സര്‍വീസുകളാണ് ആകാശ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള പ്രതിവാര പുറപ്പെടല്‍ സര്‍വീസുകള്‍ 99 ആകും.

ഇന്‍ഡിഗോ, എയര്‍ ഏഷ്യ, ഗോ ഫസ്റ്റ്, അലയന്‍സ് എയര്‍ എന്നിവയാണ് ഇപ്പോള്‍ കൊച്ചി ബംഗളൂരു സര്‍വീസ് നടത്തുന്ന മറ്റു എയര്‍ലൈനുകള്‍. ആകാശ രാജ്യത്തുനിന്ന് ഏറ്റവുമധികം സര്‍വീസുകള്‍ നടത്തുന്നതും കൊച്ചിയില്‍ നിന്നാണ്. ഓഗസ്റ്റ് 13 മുതല്‍ ആകാശയുടെ ബംഗളൂര്‍-കൊച്ചി- ബംഗളൂര്‍ സര്‍വീസ് ആരംഭിക്കും. ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്. എല്ലാദിവസവും രണ്ടു സര്‍വീസുകളുണ്ടാവും.

രാവിലെ 8.30ന് ബംഗളുരുവില്‍നിന്ന് എത്തുന്ന ആദ്യവിമാനം 9.05ന് മടങ്ങും. 12.30 ന് എത്തുന്ന രണ്ടാം വിമാനം 1.10 ന് മടങ്ങിപ്പോകും. കൊച്ചിയെ കൂടാതെ ബംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് ആകാശ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ടത്തിലെ 56 പ്രതിവാര സര്‍വീസുകളില്‍ 28 ഉം കൊച്ചി അന്താരാഷ്ട വിമാനത്താവളത്തില്‍ നിന്നുമാണ്. രാജ്യത്തെ ഏറ്റവുംപുതിയ എയര്‍ലൈന്‍ തങ്ങളുടെ ആദ്യഘട്ട സര്‍വീസിനു കൊച്ചി തിരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നു സിയാല്‍മാനേജിംഗ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.

TAGS: Akasa Air |