മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 4031 കോടി രൂപയിലെത്തി

Posted on: May 28, 2022

കൊച്ചി : 2022 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ സംയോജിത അറ്റാദായം അറു ശതമാനം വളര്‍ച്ചയോടെ 4031 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലിത് 3819 കോടി രൂപയായിരുന്നു. ഈ കാലയളവില്‍ കമ്പനിയുടെ സംയോജിത വായ്പ ആസ്തി 11 ശതമാനം വര്‍ധനയോടെ 58280 കോടി രൂപയില്‍നിന്ന് 64494 കോടി രൂപയിലെത്തി.

രാജ്യത്തെ സ്വര്‍ണവായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന്റെ മാത്രം അറ്റാദായം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 6 ശതമാനം വര്‍ധനയോടെ 3722 കോടി രൂപയില്‍നിന്ന് 3954 കോടി രൂപയിലെത്തി. 2022 മാര്‍ച്ച് 31-ന് അവസാനിച്ച നാലാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 960 കോടി രൂപയാണ്. മുന്‍വര്‍ഷമിത് 996 കോടി രൂപയായിരുന്നു. വായ്പ 52622 കോടി രൂപയില്‍നിന്ന് 58053 കോടി രൂപയായി. ഇതില്‍ സ്വര്‍ണ വായ്പ മാത്രം മുന്‍വര്‍ഷത്തെ 51927 കോടി രൂപയില്‍നിന്ന് 57531 കോടി രൂപയിലേക്ക് ഉയര്‍ന്നു.

ഉപകമ്പനികളായ മുത്തൂറ്റ് ഹോംഫിന്‍ ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 8 കോടി രൂപയും (മുന്‍വര്‍ഷം 13 കോടി രൂപ) ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് 45 കോടി രൂപയും (മുന്‍വര്‍ഷം 47 കോടി രൂപയും) മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് 28 കോടി രൂപയും (മുന്‍വര്‍ഷം 32 കോടി രൂപയും) വീതം അറ്റാദായം നേടിയിട്ടുണ്ട്. ശ്രീലങ്കന്‍ സബ്‌സിഡിയറിയായ ഏഷ്യ അസറ്റ് ഫിനാന്‍സ് പിഎല്‍സി 12 കോടി ശ്രീലങ്കന്‍ രൂപ (മുന്‍വര്‍ഷം 5 കോടി ലങ്കന്‍ രൂപ) അറ്റാദായം നേടി. മുത്തൂറ്റ് ഗ്രൂപ്പിന്റെ മൊത്തം ശാഖകളുടെ എണ്ണം മുന്‍ സാമ്പത്തിക വര്‍ഷത്തെ 5451ല്‍ നിന്ന് 5581 ആയി വര്‍ധിച്ചു.

കോവിഡ് വെല്ലുവിളിയും ആഗോളരാഷ്ട്രീയ പ്രതിസന്ധികളുമുണ്ടായിട്ടും മുത്തൂറ്റ് ഫിനാന്‍സിന് സ്ഥിരതയുള്ള പ്രകടനം കാഴ്ച വയ്ക്കുവാന്‍ സാധിച്ചുവെന്ന് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. നടപ്പുവര്‍ഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുവാന്‍ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രത്യേകിച്ചു സ്വര്‍ണപ്പണയ വായ്പയില്‍ മികച്ച വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിസര്‍വ ്ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിച്ചുവെങ്കിലും സ്വര്‍ണപ്പണയത്തിനുള്ള ഡിമാണ്ടില്‍ കുറവു പ്രതീക്ഷിക്കുന്നില്ലെന്ന് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. നടപ്പുവര്‍ഷം സ്വര്‍ണപ്പണയ വായ്പയില്‍ 12-15 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുവെന്നും, ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഈ വിഭാഗത്തില്‍ 11 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS: Muthoot Finance |