ഡോ. പി. ആർ. കൃഷ്ണകുമാർ അന്തരിച്ചു

Posted on: September 17, 2020

കോയമ്പത്തൂർ : കോയമ്പത്തൂർ ആര്യ വൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ ഡോ. പി. ആർ. കൃഷ്ണകുമാർ (69) അന്തരിച്ചു. ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. അവിവാഹിതനാണ്. ആയുർവേദ രംഗത്തെ സമഗ്രസംഭാവനകൾ കണക്കിലെടുത്ത് 2009 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് കോയമ്പത്തൂർ നഞ്ചുണ്ടാപുരം ഇഷ വൈദ്യുത ശ്മശാനത്തിൽ.

എവിപി സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായിരുന്ന പി.വി. രാമവാര്യരുടെയും പങ്കജം വാരസ്യാരുടെയും മക്കളിൽ നാലാമനായി 1951 സെപ്റ്റംബർ 23 ന് കോയമ്പത്തൂരിൽ ജനിച്ചു. കസ്തൂരി ജി. കുട്ടി, ഗീത വർമ്മ, ദുർഗ രഘുനാഥ്, അംബിക പ്രകാശ് പരേതരായ സരോജിനി വാരസ്യാർ, രാജഗോപാൽ വാര്യർ, എന്നിവർ സഹോദരങ്ങളാണ്.

ഷൊർണ്ണൂർ ആയുർവേദ കോളജിൽ നിന്നും ആയുർവേദ ബിരുദം നേടിയ ശേഷം ആയുർവേദ ചികിത്സയും ഗവേഷണവും വ്യാപകമാക്കുന്നതിന് ജീവിതം മാറ്റിവെച്ചു.ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം വർധിപ്പിക്കുന്നതിനും പാരമ്പര്യവും ആധുനികതയും ഒത്തൊരുമിപ്പിക്കുന്ന ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും മുൻകൈയെടുത്തു. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും സഹകരണത്തോടെ നിരവധി ഗവേഷണ പദ്ധതികൾ നടപ്പാക്കി. കോയമ്പത്തൂർ അവിനാശിലിംഗം വനിതാ യൂണിവേഴ്‌സിറ്റി ചാൻസ്‌ലറാണ്.

ഡോ.പി.ആർ. കൃഷ്ണകുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.ആയുർവേദത്തെ ആഗോളതലത്തിൽ പ്രശസ്തമാക്കുന്നതിൽ കൃഷ്ണകുമാർ വലിയ പങ്കുവഹിച്ചതായി പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.