ഇൻഫോപാർക്കിൽ സൈബർ പോലീസ് സ്‌റ്റേഷൻ

Posted on: November 22, 2014

Infopark-Police-Review-Meet

കൊച്ചി ഇൻഫോപാർക്കിൽ ആറുമാസത്തിനകം സൈബർ സെല്ലോടുകൂടി, പൂർണതോതിലുള്ള പോലീസ് സ്‌റ്റേഷൻ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇൻഫോപാർക്കിന്റെ സുരക്ഷാ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പോലീസ് സ്‌റ്റേഷൻ നിർമ്മിക്കാൻ ഇൻഫോപാർക്ക് 45 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സ്ഥലത്ത് പോലീസ് സ്‌റ്റേഷന്റെ നിർമാണം ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഇരുനൂറോളം കമ്പനികളിലായി 24,000 ജീവനക്കാരാണ് ഇൻഫോപാർക്ക് കാമ്പസിലുള്ളത്. ഇവരിൽ പകുതിയോളം പേർ വനിതകളാണ്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് പട്രോളിംഗിന് വേണ്ടി ഒരു ബൈക്കും ജിടെക് സംഭാവന ചെയ്യുമെന്ന് യോഗത്തിൽ പ്രഖ്യാപിച്ചു.

ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ, സിറ്റി പോലീസ് കമ്മീഷ്ണർ കെ.ജി. ജയിംസ്, റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് സതീഷ് ബിനോ, ജിടെക് വൈസ് ചെയർമാൻ ജോസഫ് കോര, ജിടെക് സിഇഒ രഞ്ജിത്ത് രാമാനുജം, രഞ്ജിത്ത് ബാലൻ, മുകുന്ദ് കൃഷ്ണ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.