ടാറ്റാ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് സെപ്റ്റംബർ 27 ന് കൊച്ചിയിൽ

Posted on: August 30, 2019

കൊച്ചി : ടാറ്റാ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസിന്റെ പതിനാറാമത് എഡിഷൻ സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഗുവാഹട്ടിയിലാണ് ആദ്യ മത്സരം. സെപ്റ്റംബർ 26 ന് തിരുവനന്തപുരത്തും 27 ന് കൊച്ചിയിലും ടാറ്റാ ക്രൂസിബിൾ ക്വിസ് മത്സരങ്ങൾ അരങ്ങേറും. തിരുവനന്തപുരം ടെക്നോപാർക്കിലെ ടിസിഎസ് ഓഡിറ്റോറിയത്തിലും കാക്കനാട് ഇൻഫോപാർക്കിലെ ടിസിഎസ് ഓഡിറ്റോറിയത്തിലുമാണ് മത്സരങ്ങൾ.

ഇന്ത്യയിലെ 25 നഗരങ്ങളിലായാണ് കോർപ്പറേറ്റ് ലോകത്തെ ഏറ്റവും ബുദ്ധിശാലികൾ ഏറ്റുമുട്ടുന്ന ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ടാറ്റാ കമ്പനികളിലും മറ്റ് കമ്പനികളിലും ജോലി നോക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽനിന്ന് രണ്ട് ജീവനക്കാർക്ക് ഏറ്റവും അടുത്തുള്ള നഗരത്തിൽ നടക്കുന്ന പ്രാദേശിക റൗണ്ടിലെ മത്സരത്തിൽ പങ്കെടുക്കാം.

പ്രാദേശിക റൗണ്ടിൽ വിജയിക്കുന്ന ടീമിന് സോണൽ മത്സരങ്ങളിൽ പങ്കെടുക്കാം. സോണൽ മത്സരങ്ങളിൽ വിജയികളാകുന്നവർക്ക് ഒക്ടോബറിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാം. ദേശീയതല വിജയികൾക്ക് അഞ്ച് ലക്ഷം രൂപയാണ് സമ്മാനം. കൂടാതെ ടാറ്റാ ക്രൂസിബിൾ ട്രോഫിയും ലഭിക്കും. പ്രാദേശിക മത്സരത്തിലെ വിജയികൾക്ക് 75,000 രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 35,000 രൂപയും സമ്മാനമായി നേടാം. ടാറ്റാ ക്ലിക് ആണ് ഈ വർഷം സമ്മാനങ്ങൾ നല്കുന്നത്.

ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഓഗ്മെൻറഡ് റിയാലിറ്റി തുടങ്ങിയ മികവുറ്റ സാങ്കേതികവിദ്യകൾ ഉയർന്നുവരുന്ന ഇക്കാലത്ത് ഇൻഡസ്ട്രി 4.0 എന്നതാണ് ക്വിസിന്റെ ഈ വർഷത്തെ തീം. പിക്ബ്രെയിൻ എന്ന പേരിൽ പ്രശസ്തനായ ക്വിസ് മാസ്റ്റർ ഗിരി ബാലസുബ്രഹ്മണ്യമാണ് ടാറ്റാ ക്രൂസിബിൾ ക്വിസ് നയിക്കുന്നത്.

ടാറ്റാ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസിൽ രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾഅറിയുന്നതിനും https://www.tata.com/cruciblequiz എന്ന വെബ്സൈറ്റ് സന്ദർശിക്കുക.