നൂറു ശതമാനം യാത്രക്കാർ : എയർഇന്ത്യ എക്‌സ്പ്രസിന് നേട്ടം

Posted on: June 3, 2019

കൊച്ചി : എയർഇന്ത്യ എക്‌സ്പ്രസ് മെയ് 31 ന് നടത്തിയ 103 വിമാന സർവീസുകളിൽ 45 ഫ്‌ളൈറ്റിലും നിറയെ യാത്രക്കാർ. ചരിത്രത്തിൽ ആദ്യമായാണ് എയർഇന്ത്യ എക്‌സ്പ്രസ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

എയർഇന്ത്യ എക്‌സ്പ്രസ് മെയ് 31 ന് 90 രാജ്യാന്തര സർവീസുകളും 13 ആഭ്യന്തര സർവീസുമുൾപ്പെടെ 103 സർവീസുകളാണ് നടത്തിയത്. ഇതിൽ ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള 45 സർവീസുകളിലാണ് 100 ശതമാനം സീറ്റുകളും നിറഞ്ഞത്.

നൂറുശതമാനം സീറ്റും ബൂക്ക് ചെയ്തിരുന്ന ഈ വിമാനങ്ങളിൽ ഒരു സീറ്റ് പോലും യാത്ര തുടങ്ങുന്നതുവരെ റദ്ദാക്കപ്പെട്ടില്ല. കൂടാതെ മേയ് മാസത്തിലെ 6 ദിവസങ്ങളിൽ മിക്ക വിമാനങ്ങളിലും 99 ശതമാനം സീറ്റുകളും നിറഞ്ഞാണ് സർവീസുകൾ നടത്തിയത്. ജെറ്റ് എയർവേസ് സർവീസ് നിർത്തിയതാണ് എയർഇന്ത്യ എക്‌സ്പ്രസിന്റെ നേട്ടത്തിനു വഴിയൊരുക്കിയത്.