സൗത്ത് ഇന്ത്യൻ ബാങ്കിന് 70.51 കോടി രൂപയുടെ അറ്റാദായം

Posted on: May 10, 2019

കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന് കഴിഞ്ഞ സാമ്പത്തികവർഷം നാലാം ക്വാർട്ടറിൽ 70.51 കോടി രൂപ അറ്റാദായം. മുൻ വർഷം ഇതേ ക്വാർട്ടറിൽ 114.10 കോടി രൂപയായിരുന്നു അറ്റദായം. 2018-19 സാമ്പത്തിക വർഷത്തിലെ വാർഷിക അറ്റാദായം 247.52 കോടി രൂപയാണ്. മുൻ വർഷത്തിൽ 334.89 കോടി രൂപയായിരുന്നു വാർഷിക അറ്റാദായം. നാലാം ക്വാർട്ടറിലെ പ്രവർത്തനലാഭം 311 കോടി രൂപയിൽ നിന്നും 16.66 ശതമാനം വർധിച്ച് 328 കോടി രൂപയായി.

ബിസിനസിൽ 13.3 ശതമാനം വർധിച്ച് 1,44,056 കോടിയായി. നിക്ഷേപങ്ങൾ 11.65 ശതമാനം വളർച്ചയോടെ 80,420 കോടിയായി. സേവിംഗ്‌സ് നിക്ഷേപങ്ങളിൽ 14.56 ശതമാനവുമാണ് വർധന. എൻആർഐ നിക്ഷേപങ്ങൾ 113.69 ശതമാനം വർധിച്ചു.

വായ്പകളിൽ 15.47 ശതമാനം വർധിച്ച് 63,636 കോടി രൂപയായതായി സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വി.ജി.മാത്യു പറഞ്ഞു. നാലാം ക്വാർട്ടറിൽ ബാങ്കിന്റെ പ്രവർത്തനലാഭം അഞ്ചു ശതമാനം വർധിച്ചു വെങ്കിലും വായ്പാ നഷ്ടത്തിലേക്കുള്ള ഉയർന്ന നീക്കിയിരിപ്പിന്റെ ഫലമായി അറ്റാദായത്തിൽ 38 ശതമാനം കുറഞ്ഞു.

അറ്റ പലിശ വരുമാനം 15 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇതര വരുമാനത്തിൽ 32 ശതമാനമാണ് വളർച്ച. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തികൾ വെറും നാല് ബേസിസ് പോയിന്റുകളുടെ വളർച്ചയോടെ ക്വാർട്ടർ അടിസ്ഥാനത്തിൽ സ്ഥിരത നിലനിർത്തി. കോർപറേറ്റ് വായ്പകളുടെ സമ്മർദം മൂലം വാർഷികാടിസ്ഥാനത്തിലുള്ള വളർച്ച 133 ബേസിസ് പോയിന്റുകളാണ്. കഴിഞ്ഞ നാലു വർഷമായി തുടരുന്ന കോർപറേറ്റ് വായ്പാ പുനർക്രമീകരണ പ്രക്രിയ ഈ വർഷത്തോടെ അവസാനിക്കും.

റിക്കവറി രംഗത്തു കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മികച്ച പ്രകടനമാണ് ബാങ്ക് കാഴ്ചവച്ചത്. 500 കോടി രൂപയുടെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചു. ഇനി വരുന്ന കാലയളവിലും റിക്കവറി, അപ് ഗ്രേഡുകൾ എന്നിവ ഒരു വർഷം 500 കോടി രൂപയായിരിക്കും. ബാങ്കിന്റെ റീട്ടെയ്ൽ തന്ത്രങ്ങൾ ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് എംഡി പറഞ്ഞു. കാലാകാലങ്ങളായുള്ള കോർപറേറ്റ് അക്കൗണ്ടുകളുടെ പ്രശ്‌നങ്ങൾ നിയന്ത്രണവിധേയമാക്കിയതും റീട്ടെയ്ൽ, എംഎസ്എംഇ രംഗത്തെ വളർച്ചയും കാരണം സുസ്ഥിരമായ വളർച്ചയും വികാസവും ഇനി പ്രതീക്ഷിക്കാമെന്നു മാത്യു പറഞ്ഞു.

ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 2019 മാർ 31 ലെ കണക്കുകൾ പ്രകാരം 12.61 ശതമാനമാണ്. ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്.