ബ്ലാക്ക്‌ബെറി പാസ്‌പോർട്ട് പ്രീബുക്കിംഗ് തുടങ്ങി

Posted on: October 1, 2014

BlackBerry-Passport-big

ബ്ലാക്ക്‌ബെറിയുടെ ഏറ്റവും പുതിയ മോഡൽ ബ്ലാക്ക്‌ബെറി പാസ്‌പോർട്ട് വിപണിയിൽ. ക്വെർട്ടി കീബോർഡുകളുടെ ആഡംബര പൂർണമായ മടങ്ങിവരവിന് വഴിയൊരുക്കുന്ന ബ്ലാക്ക്‌ബെറി പാസ്‌പോർട്ടിൽ ടച്ച്-എനേബിൾഡ് ക്വെർട്ടി കീപാഡാണുള്ളത്.

പാസ്‌പോർട്ടിൽ 4.5 ഇഞ്ച് വലുപ്പമുള്ള 1440 X 1440 പിക്‌സൽ ഡിസ്‌പ്ലേയുള്ള എച്ച്ഡി സ്‌ക്രീനാണുള്ളത്. കരുത്തുള്ള കോണിംഗ് ഗോറില്ല ഗ്ലാസ് 3 ആണ് സ്‌ക്രീനിൽ ഉപയോഗിച്ചിട്ടുള്ളത്. ടച്ച് ഫംഗ്ഷനുകളൊക്കെത്തന്നെ പ്രവർത്തിപ്പിക്കാവുന്ന അത്യാധുനിക കീപാഡാണ് പാസ്‌പോർട്ടിലേത്. ബ്ലാക്ക്‌ബെറി 10.3 ഒഎസ് പ്രീലോഡഡ് ആയി എത്തുന്ന ഈ മോഡലുകൾ സ്മാർട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് സംബന്ധിച്ച് മുൻധാരണകൾ തിരുത്തിയെഴുതും.

കരുത്തേറിയ 3450 എംഎഎച്ച് നോൺ റിമൂവബിൾ ബാറ്ററി 30 മണിക്കൂർ വരെ സംയോജിത ഉപയോഗം സാധ്യമാകുന്നു. ജിഎസ്എം നെറ്റ്‌വർക്കിൽ 18 മണിക്കൂർ ടോക്‌ടൈം ലഭിക്കും. ബ്ലാക്ക്‌ബെറി വേൾഡും ആമസോൺ ആപ്പ് സ്റ്റോറും പ്രീലോഡഡായി ഈ മോഡലിൽ എത്തുന്നു. ക്വാഡ്‌കോർ 2.2 ജിഗാഹെർട്‌സ് പ്രോസസർ, 3ജിബി റാം, 13 എംപി റിയർ കാമറ, 2 എംപി മുൻകാമറ, 5ത ഡിജിറ്റൽ സൂം, 32 ജിബി മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകൾ.

ആമസോൺ ഡോട്ട് ഇൻ വഴിയും ബ്ലാക്ക്‌ബെറി എക്‌സ്‌ക്ലുസീവ് സ്റ്റോറുകൾ വഴിയും പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ആമസോണിലൂടെ പ്രീബുക്കിംഗ് നടത്തുമ്പോൾ 5000 രൂപയുടെ ഗിഫ്റ്റ് കാർഡ് സൗജന്യമായി ലഭിക്കും. ബ്ലാക്ക്‌ബെറി പാസ്‌പോർട്ടിന്റെ ഇന്ത്യയിലെ വില 49,990 രൂപ.