ഐഡിയ പ്രീപെയ്ഡ് റീചാർജുകൾ ഇനി പോസ്റ്റ് ഓഫീസുകൾ വഴി

Posted on: September 18, 2014

Idea-Logo-sഐഡിയ സെല്ലുലാറിന്റെ പ്രീപെയ്ഡ് റീചാർജുകൾ കേരളത്തിലെ മുഴുവൻ പോസ്റ്റ് ഓഫീസുകൾ വഴിയും ഇനി ലഭിക്കും. കേരളത്തിലെ 1505 കംപ്യൂട്ടർവത്കൃത പോസ്റ്റ് ഓഫീസുകളിൽ നിന്ന് മൊബൈൽ റീചാർജ് ചെയ്യാൻ സംസ്ഥാനത്തെ 90 ലക്ഷത്തിലേറെ വരുന്ന ഐഡിയ വരിക്കാർക്ക് കഴിയും.

തുടക്കത്തിൽ 389 ദക്ഷിണ മേഖലാ പോസ്റ്റ് ഓഫീസുകളിൽ 125 ഇടങ്ങളിൽ വിവിധ തുകകളിലുള്ള ഫ്‌ളെക്‌സി റീചാർജുകൾ ലഭ്യമാക്കും. പിന്നീട് സംസ്ഥാനത്തെ മുഴുവൻ കംപ്യൂട്ടർവത്കൃത പോസ്റ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐഡിയ സെല്ലുലാർ കേരള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനു വർഗീസ് പറഞ്ഞു.

റീചാർജ്ജ് ചെയ്യാൻ പോസ്റ്റ് ഓഫീസുകളില രജിസ്റ്ററിൽ ഉപഭോക്താവ് മൊബൈൽ നമ്പറും റീചാർജ് തുകയും എഴുതണം. തുടർന്ന് കൗണ്ടർ സ്റ്റാഫ് ഐഡിയയുടെയും ഇന്ത്യ പോസ്റ്റിന്റെയും ഓൺലൈൻ ഇന്റർഫേസ് ഉപയോഗിച്ച് ഫോൺ റീചാർജ് ചെയ്യും. റീചാർജ് ആയതായി ഒരു സ്ഥിരീകരണ എസ്എംഎസ് ലഭിച്ചാൽ പണം നൽകുന്നതോടെ ഇടപാട് പൂർത്തിയാകും.